കാട്ടുപന്നിയിടിച്ചു സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
Wednesday, June 25, 2025 2:37 AM IST
എരുമപ്പെട്ടി (തൃശൂർ): വെള്ളറക്കാട്ട് കാട്ടുപന്നിയിടിച്ചു സ്കൂട്ടർ മറിഞ്ഞു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ചിറമനേങ്ങാട് കുന്നത്തുപീടികയിൽ അബൂബക്കറിന്റെ മകൻ ഇർഷാദ് (20) ആണു മരിച്ചത്.
കഴിഞ്ഞ 19നു രാത്രി 9.45ന് വെള്ളറക്കാട് മാത്തൂർ പാടത്തിനുസമീപമാണ് അപകടമുണ്ടായത്. റോഡിനു കുറുകെ ഓടിവന്ന കാട്ടുപന്നി ഇർഷാദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ടുമറിഞ്ഞ സ്കൂട്ടറിൽനിന്നു തെറിച്ചുവീണ ഇർഷാദിനു തലയ്ക്കു സാരമായ പരിക്കേറ്റു.
തൃശൂർ ദയ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. തിങ്കളാഴ്ച രാത്രി ആരോഗ്യനില വഷളായതിനെത്തുടർന്ന് എറണാകുളം ആസ്റ്റർ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്കു മരണം സംഭവിച്ചു.
കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർഥിയായിരുന്നു ഇർഷാദ്. അമ്മയെ ഗൾഫിലേക്കു യാത്രയയയ്ക്കുന്നതിനു നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ടു സഹോദരങ്ങളും ദുബായിലാണ്. അപകടവിവരമറിഞ്ഞ് ഇവർ നാട്ടിലെത്തിയിട്ടുണ്ട്. സംസ്കാരം ഇന്നു നടക്കും.