ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ലഹരിവിരുദ്ധ ദിനാചരണം ഇന്നും നാളെയും
Wednesday, June 25, 2025 1:42 AM IST
തിരുവനന്തപുരം: ലഹരിക്കെതിരേ ഉന്നതവിദ്യാഭ്യാസവകുപ്പ് തുടക്കം കുറിച്ച ബോധപൂർണിമ സംസ്ഥാനതല കർമപദ്ധതിക്കു കീഴിൽ ലഹരിവിരുദ്ധ ദിനാചരണം ഇന്നും നാളെയുമായി കലാലയങ്ങളിൽ വിവിധ കർമപരിപാടികളോടെ ഒരുക്കും.
ഇന്നു സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലും നാളെ കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിലുമാണു പരിപാടികളെന്നു മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
നാളെ രാവിലെ 9.30ന് അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, പൂർവവിദ്യാർഥികൾ എന്നിവർ അണിനിരന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. തിരുവനന്തപുരം സർക്കാർ വനിതാ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ദിനാചരണച്ചടങ്ങ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 3.30ന് ലഹരിവിരുദ്ധ കർമപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഒരു വർഷം നീളുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഇതോടെ തുടക്കമാകു
ലഹരി വിരുദ്ധ ദിനത്തിന്റെ പ്രചാരണത്തിന് വിവിധ കലാലയങ്ങളിൽ ഫ്ളാഷ് മോബ് തയാറാക്കി ബസ് സ്റ്റാൻഡുകൾ, പ്രധാന ജംഗ്ഷനുകൾ പോലുള്ള സ്ഥലങ്ങളിൽ അവതരിപ്പിക്കും. ലഹരിവിമുക്ത കാന്പസിനായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കാൻ എല്ലാ സ്ഥാപനങ്ങളോടും നിർദേശിച്ചിട്ടുണ്ട്. ഈ മാസ്റ്റർ പ്ലാൻ 26ന് ക്ലാസ് സഭകളിൽ ചർച്ച ചെയ്യും.
ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശന സമയത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നുമുള്ള സത്യവാങ്മൂലം വിദ്യാർഥികളിൽനിന്നും എഴുതിവാങ്ങി അവരുടെയും രക്ഷാകർത്താക്കളുടെയും ഒപ്പ് രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.