കോവിന്ദിനായി വ്യോമപാത തുറക്കില്ല: പാക്കിസ്ഥാൻ
Sunday, September 8, 2019 12:18 AM IST
ഇസ്ലാമാബാദ്: രാഷ്ട്രപതി രാംനാഥ് കോവിന്ദിനു വിദേശ പര്യടനത്തിനു പോകാൻ തങ്ങളുടെ വ്യോമപാത തുറന്നു നൽകില്ലെന്നു പാക്കിസ്ഥാൻ.
കാഷ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് അസാധാരണമായ തീരുമാനമെടുത്തതെന്നു വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അറിയിച്ചു.
ഐസ്ലാൻഡ്, സ്വിറ്റ്സർലൻഡ്, സ്ലൊവേനിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ തിങ്കളാഴ്ചയാണ് രാഷ്ട്രപതി പുറപ്പെടുന്നത്. പാക് ആകാശത്തുകൂടി രാഷ്ട്രപതിയുടെ വിമാനം പറത്താൻ അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയാണ് തള്ളപ്പെട്ടത്.
ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന് തങ്ങളുടെ വ്യോമപാത മുഴുവനായി അടച്ചത്.
പിന്നീട് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യക്കുള്ള നിരോധനം നീക്കിയിട്ടില്ല.
ഇതുമൂലം ഇതുവഴി സർവീസ് നടത്തിയിരുന്ന വിമാനക്കന്പനികൾക്കു കോടികളുടെ അധികച്ചെലവാണ് ഉണ്ടാകുന്നത്.