ഗുജറാത്ത് രണ്ടാംഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു; പ്രധാനമന്ത്രി വോട്ട് ചെയ്തു
Thursday, December 14, 2017 2:41 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 വരെയുള്ള കണക്കുകൾ പ്രകാരം 39 ശതമാനം പേർ വോട്ടു ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, പ്രധാനമന്ത്രിയുടെ മാതാവ് ഹീര ബെൻ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

അഹമ്മദാബാദിലെ നിഷാൻ ഹൈസ്കൂളിലെ 115-ാം ബൂത്തിലെത്തിയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിച്ചത്. മോദിയുടെ മാതാവ് ഹീര ബെൻ ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിൽ രാവിലെ തന്നെ എത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അഹമ്മദാബാദിലാണ് വോട്ട് ചെയ്തത്. ബിജെപി അധ്യക്ഷൻ അമിത് ഷാ മകൻ ജയ് ഷായ്ക്ക് ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ക്ഷേത്രദർശനവും നടത്തി.

വടക്കൻ-മധ്യ ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 22 വർഷമായി ഗുജറാത്തിൽ അധികാരം കൈയാളുന്ന ബിജെപിക്ക് രണ്ടാംഘട്ടത്തിലെ തെരഞ്ഞെടുപ്പ് നിർണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...