വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസിയുടെ "മിന്നൽ' സർവീസ്: എംഡി വിശദീകരണം തേടി
Sunday, January 14, 2018 12:53 PM IST
പയ്യോളി: അർധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാർഥിനിയെ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി മിന്നൽ ബസ് 20 കിലോമീറ്ററോളം മുന്പോട്ട് പോയ സംഭവത്തിൽ കെഎസ്ആർടിസി എംഡി എ. ഹേമചന്ദ്രൻ വിശദീകരണം തേടി. കെഎസ്ആർടിസി എക്സിക്യുട്ടീവ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന സംഭവം ഗൗരവമായിട്ട് എടുക്കുമെന്നും ഹേമചന്ദ്രൻ പറഞ്ഞു.

ശനിയാഴ്ച പുലർച്ചെ കോഴിക്കോട് പയ്യോളിയിലാണ് ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴ് വയസുള്ള വിദ്യാഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി മിന്നൽ ബസ് മുന്നോട്ട് പോയത്. ഒടുവിൽ ഇരുപത് കിലോമീറ്റർ അകലെ ഹൈവേ പോലീസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞ് വിദ്യാർഥിനിയെ മോചിപ്പിക്കുകയായിരുന്നു.

കോട്ടയം പാലായിൽ എൻട്രൻസ് കോച്ചിംഗ് കഴിഞ്ഞ് വീട്ടിയിലേയ്ക്ക് വരികയായിരുന്നു പതിനേഴുകാരി. രാത്രി എട്ടു മണിക്കാണ് പാലായിൽ നിന്ന് കയറിയത്. ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തത് കോഴിക്കോട് വരെയായിരുന്നു. കോഴിക്കോട്ട് എത്തിയപ്പോഴാണ് ബസ് കാസർഗോട്ടേക്കാണെന്ന് മനസിലായത്. തുടർന്ന് കോഴിക്കോട് കഴിഞ്ഞപ്പോൾ വിദ്യാർഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ടിക്കറ്റ് എടുക്കുകയും ചെയ്തു.

എന്നാൽ ബസിൽ കയറി തനിയ്ക്ക് അബദ്ധം പറ്റിയ വിവരം കുട്ടി പയ്യോളിയിൽ കാത്തു നിന്ന അച്ഛനോട് ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു. ഉടൻ തന്നെ കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ടൗണിലെത്തി ബസ് കൈകാണിച്ചു. എന്നാൽ ബസ് നിർത്താതെ പോകുകയായിരുന്നു. ഉടനെ തന്നെ മൂരാട് പാലത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരനെ വിവരം അറിയിച്ചു. കൈകാണിച്ചിട്ട് അവിടെയും ബസ് നിർത്തിയില്ല.

ഇതറിഞ്ഞതോടെ പോലീസ് വയർലെസ് സെറ്റിലൂടെ വിവരം കൈമാറി. വടകര പോലീസ് വരുന്പോഴേയ്ക്കും ബസ് വിട്ടിരുന്നു. തുടർന്ന് ദേശീയപാതയിൽ ചോന്പാല പോലീസ് കുഞ്ഞിപ്പള്ളിയിൽ വെച്ച് പോലീസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...