ഗോവ ബിജെപിയിൽ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷൻ രാജിവയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി
Friday, November 9, 2018 3:48 PM IST
പനാജി: അധികാരത്തർക്കം നിലനിൽക്കുന്ന ഗോവ ബിജെപിയിൽ നേതാക്കൾ തമ്മിലുള്ള പോര് രൂക്ഷം. പാർട്ടി സംസ്ഥാന അധ്യക്ഷൻ വിനയ് തെൻഡുൽക്കർ രാജിവയ്ക്കണമെന്ന് മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ ആവശ്യപ്പെട്ടു. ഗോവയിലെ ബിജെപിയുടെ മുഖവും പ്രവർത്തനവും മാറണമെന്നാണ് പർസേക്കറുടെ ആവശ്യം.

തനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്ന് പറഞ്ഞ പർസേക്കർ പാർട്ടി നേതൃത്വത്തിൽ ഉടച്ചുവാർക്കൽ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ ബിജെപിയുടെ അധ്യക്ഷൻ കാര്യപ്രാപ്തിയില്ലാത്തയാളാണ്. അദ്ദേഹത്തിന് തീരുമാനങ്ങളെടുത്ത് പാർട്ടിയെ നയിക്കാൻ കഴിയുന്നില്ല. അതിനാൽ അദ്ദേഹം സ്ഥാനമൊഴിയുന്നതാണ് ബിജെപിക്ക് നല്ലത്. പാർട്ടി കേന്ദ്ര നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അടുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ പർസേക്കർ മോശമായി സംസാരിച്ചുവെന്ന വിവാദമുണ്ടായിരുന്നു. ഈ വിഷയത്തിൽ പർസേക്കർ മാപ്പ് പറയണമെന്നും വിനയ് തെൻഡുൽക്കർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അർബുദരോഗ ബാധിതനായതിന് പിന്നാലെയാണ് പാർട്ടിയിൽ അധികാരത്തർക്കം തുടങ്ങിയത്. പരീക്കർ ചികിത്സയ്ക്ക് പോയപ്പോൾ തന്നെ പിൻഗാമിയെ ചൊല്ലി പാർട്ടിയിൽ മുറുമുറുപ്പുകൾ തുടങ്ങിയിരുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും പാർട്ടിയിലെ തർക്കങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഡൽഹിയിലെ ചികിത്സകൾ കഴിഞ്ഞ് തിരിച്ചെത്തിയിട്ടും അനാരോഗ്യം വകവയ്ക്കാതെ മനോഹർ പരീക്കർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.