ശബരിമലയിലെ പോലീസ് നടപടി: രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Monday, November 19, 2018 12:33 PM IST
കൊച്ചി: ശബരിമലയിലെ പോലീസ് നടപടിയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പോലീസിന് എന്ത് അവകാശമുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറൽ ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ശബരിമലയിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ ജനക്കൂട്ടത്തെ നിയന്ത്രിച്ച് പരിചയമുണ്ടോ എന്ന് കോടതി ആരാഞ്ഞു. സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ സർക്കാർ കൈമാറണം. സുപ്രീംകോടതി വിധിയുടെ പേരിൽ പോലീസിന്‍റെ അമിതമായ ഇടപെടൽ അനുവദിക്കാൻ കഴിയില്ല. ഭക്തർക്ക് ശുചിമുറിയും കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും തീർഥാടകരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

യഥാർഥ ഭക്തർക്ക് സുഗമമായി തീർഥാടനം നടത്താനുള്ള സൗകര്യമുണ്ടാകണം. പന്പ-നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസിയുടെ കുത്തക പിൻവലിക്കേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. നടപ്പന്തൽ ഭക്തർക്ക് വിശ്രമിക്കാനുള്ള സ്ഥലമാണെന്നും പോലീസിന്‍റെ സ്ഥാനം ബാരക്കിലാണെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.