കൃഷ്ണഗിരിയിൽ ആവേശപ്പോര്; ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
Wednesday, January 16, 2019 5:15 PM IST
കൃഷ്ണഗിരി: രഞ്ജി ട്രോഫിയിൽ കേരളം-ഗുജറാത്ത് ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം 23 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയതിന് ശേഷം രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 171 റണ്‍സിന് ഓൾഔട്ടായി. ഇതോടെ ഗുജറാത്തിന്‍റെ വിജയലക്ഷ്യം 195 റണ്‍സായി. പേസ് ബൗളിംഗിന് അനുകൂലമായ വിക്കറ്റിൽ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് മികച്ച പോരാട്ടം കാഴ്ചവയ്ക്കേണ്ടി വരും. രണ്ടു ദിവസത്തിനിടെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വീണത് 29 വിക്കറ്റുകളാണ്.

യുവതാരം സിജോമോൻ ജോസഫിന്‍റെ അർധ സെഞ്ചുറിയും (56), ജലജ് സക്സേന പൊരുതി നേടിയ (പുറത്താകാതെ 44) റണ്‍സുമാണ് കേരളത്തിന് തുണയായത്. ആദ്യ ഇന്നിംഗ്സിൽ കൈയ്ക്ക് പരിക്കേറ്റ് പിന്മാറിയ സഞ്ജു സാംസണ്‍ രണ്ടാം ഇന്നിംഗ്സിൽ പതിനൊന്നാമനായി ക്രീസിൽ എത്തി. ഒൻപത് പന്തുകൾ നേരിട്ട സഞ്ജു റണ്‍സ് ഒന്നും നേടാതെ അക്ഷർ പട്ടേലിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഗുജറാത്തിന് വേണ്ടി റോഷ് കലാറിയയും അക്ഷർ പട്ടേലും മൂന്ന് വീതം വിക്കറ്റുകൾ നേടി.

നേരത്തെ ഗുജറാത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 162 റണ്‍സിൽ അവസാനിച്ചിരുന്നു. 97/4 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഗുജറാത്തിനെ രാവിലെ തന്നെ പേസർമാർ വരിഞ്ഞുമുറുക്കി. ബൗളിംഗ് അനുകൂല വിക്കറ്റിൽ തണുത്ത കാലാവസ്ഥ കൂടിയായതോടെ ബാറ്റ്സ്മാൻമാർ സ്കോർ ചെയ്യാൻ വിഷമിച്ചു.

36 റണ്‍സ് നേടിയ റോഷ് കലാറിയ അവസാനം വരെ പൊരുതിയെങ്കിലും ഇന്നിംഗ്സ് ലീഡ് നേടാൻ സന്ദർശകർക്കായില്ല. ഗുജറാത്ത് നായകൻ പാർഥിവ് പട്ടേൽ 43 റണ്‍സ് നേടി ആദ്യദിനം തന്നെ പുറത്തായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.