ജ്വല്ലറി ഭിത്തി തുരന്നു കവർച്ച! കൊലക്കേസ് പ്രതിയടക്കം പിടിയിൽ
ജ്വല്ലറി ഭിത്തി തുരന്നു കവർച്ച! കൊലക്കേസ് പ്രതിയടക്കം പിടിയിൽ
Friday, September 24, 2021 3:46 PM IST
കായംകുളം: കായംകുളത്തു ജ്വല്ലറിയുടെ ഭിത്തി തുരന്നു സ്വർണഭരണങ്ങളും 10 കിലോ വെള്ളി ആഭരണങ്ങളും കവർന്ന സംഭവത്തിൽ രണ്ടു പേർ പിടിയിൽ. തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കൊറ്റുകുളങ്ങര സ്വദേശി ആടുകിളി എന്നു വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 10ന് രാത്രിയിലാണ് കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്നു മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതക കേസിലും പ്രതിയാണ്.



തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളിൽ ഇറങ്ങിയ ശേഷമാണു മോഷണം നടത്തിയത്.

കായംകുളം സ്വദേശി നൗഷാദ് നിരവധി മോഷണക്കേസിൽ പ്രതിയാണ്. ജയിലിൽ കണ്ണനുമായി പരിചയപ്പെട്ട ശേഷം മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതികളെ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.

കായംകുളം ഡിവൈഎസ്പി അലക്സ് ബേബി യുടെ നേതൃത്വത്തിൽ കായംകുളം സിഐ മുഹമ്മദ്‌ ഷാഫി, കരീലകുളങ്ങര സിഐ സുധിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.