അനിൽ കുമാറിനു പകരം വീട്ടാൻ ചെറിയാൻ! കോൺഗ്രസ് ആഞ്ഞുപിടിക്കുന്നു
അനിൽ കുമാറിനു പകരം വീട്ടാൻ ചെറിയാൻ! കോൺഗ്രസ് ആഞ്ഞുപിടിക്കുന്നു
Friday, October 22, 2021 9:32 AM IST
തിരുവനന്തപുരം: കെ.പി.അനിൽകുമാർ പാർട്ടിയിൽനിന്നു സിപിഎമ്മിലേക്കു പോയതിന്‍റെ ക്ഷീണം ചെറിയാൻ ഫിലിപ്പിലൂടെ തീർക്കാൻ കോൺഗ്രസിന്‍റെ കഠിനശ്രമം. സിപിഎമ്മുമായി അകന്ന ചെറിയാൻ ഫിലിപ്പിനെ ഏതുവിധേനയും കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കം പാർട്ടിയിൽ സജീവമായി.

അനിൽകുമാറിനെയടക്കം ഒരുപിടി നേതാക്കളെ ചാക്കിട്ടു കൊണ്ടുപോയ സിപിഎമ്മിനു കൊടുക്കാവുന്ന ഏറ്റവും നല്ല അടിയാണ് അവിടെനിന്നു ചെറിയാൻ ഫിലിപ്പിനെ അടർത്തി തിരികെ എത്തുക്കുക എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.

ചില നിബന്ധനകളോടെ കോൺഗ്രസിലേക്ക് എത്താൻ സന്നദ്ധനാണ് ചെറിയാൻ ഫിലിപ്പ് എന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ അണിയറയിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വലിയ അടുപ്പക്കാരനായിട്ടാണ് സിപിഎമ്മിൽ ചെറിയാൻ ഫിലിപ്പ് അറിയപ്പെട്ടിരുന്നത്.

അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്കു വ്യക്തിപരമായി കൊടുക്കുന്ന തിരിച്ചടികൂടിയാണ് ചെറിയാൻ ഫിലിപ്പിന്‍റെ വരവെന്നു കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉണ്ടായ അകൽച്ചയാണ് ഇപ്പോൾ ചെറിയാൻ ഫിലിപ്പ് ഇടതുപാളയം വിടുന്നതിലേക്ക് വരെ എത്തിച്ചിരിക്കുന്നത്.

അതേസമയം, ഇടതുപക്ഷത്തോടൊപ്പം എത്തിയതുകൊണ്ട് ചെറിയാൻ ഫിലിപ്പിന് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്. കോൺഗ്രസിൽനിന്നു ചെറിയാന് കിട്ടാതിരുന്ന പരിഗണന കഴിഞ്ഞ 20 വർഷംകൊണ്ട് ഇടതുപക്ഷത്തിലൂടെ ലഭിച്ചു. മൂന്നു തവണ നിയമസഭാ സീറ്റ് നൽകി. കെടിഡിസി ചെയർമാൻ സ്ഥാനം നൽകി. കഴിഞ്ഞ സർക്കാരിൽ പ്രധാനപ്പെട്ട നാലു മിഷനുകളുടെ കോ ഒാർഡിനേറ്റർ പദവി നൽകി.

സെക്രട്ടേറിയറ്റിനുള്ളിൽ ഒാഫീസും നൽകി. ഇത്തവണ ഖാദി വൈസ് ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും ചെറിയാൻ ഫിലിപ്പ് അതു നിരസിക്കുകയായിരുന്നു. യുഡിഎഫ് വിട്ടു വന്ന ആർക്കും ഇടതിൽ വിഷമിക്കേണ്ടി വന്നിട്ടില്ലെന്നും സിപിഎം പറയുന്നു. ടി.കെ.ഹംസ, പി.വി.അൻവർ, വി.അബ്ദുറഹ്മാൻ എന്നിവരുടെയൊക്കെ ഉദാഹരണം മുന്നിലുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചെറിയാൻ ഫിലിപ്പിൽ മാത്രമൊതുങ്ങാതെഒാപ്പറേഷൻ തുടങ്ങാനാണ് കോൺഗ്രസ് നീക്കം. ഡിസിസി പ്രസഡന്‍റ്മാരുടെ പ്രഖ്യാപനത്തിനു ശേഷം ഒരുപിടി നേതാക്കളെ അടർത്തിയെടുത്തുകൊണ്ടുപോയ സിപിഎം നടപടിക്ക് അതേ നാണയത്തിൽത്തന്നെ തിരിച്ചടി നൽകണമെന്ന തീരുമാനത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ വലയിലാക്കാനുള്ള നീക്കങ്ങളും സജീവമായിട്ടുണ്ട്. സിപിഎം നടപടി നേരിട്ട ഒരു മുൻ എംഎൽഎയെ അടക്കം കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്.

ഇതിനിടെ, പുതിയ യുട്യൂബ് ചാനൽ തുടങ്ങി സാമൂഹിക ഇടപെടൽ ശക്തമാക്കാനാണ് ചെറിയാൻ ഫിലിപ്പിന്‍റെ നീക്കം. തത്കാലം ഒരു രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധം പുലർത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു. സിപിഎം ചാനലിൽ അവതരിപ്പിച്ചിരുന്ന ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന പ്രോഗ്രാമിന്‍റെ പേരിൽത്തന്നെ ചാനൽ തുടങ്ങാനാണ് അദ്ദേഹത്തിന്‍റെ നീക്കം.

സിപിഎമ്മിനെതിരേയുള്ള വിമർശനങ്ങൾ ചാനലിലൂടെ പുറത്തേക്കുവരുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ. മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമർശിക്കുന്ന അതേരീതിയിൽ ഏകാധിപതി എന്നു ധ്വനിപ്പിച്ചു ചെറിയാൻ കഴിഞ്ഞ ദിവസം വിമർശിച്ചത് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആവേശം പടർത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.