രമ്യയെക്കുറിച്ച് ഓർത്ത് ദീപ നിഷാന്ത് പരിതപ്പിക്കേണ്ട; ആ കുട്ടി ജയിക്കുമെന്ന് ശബരീനാഥൻ
Tuesday, March 26, 2019 1:17 PM IST
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ ട്രോളിയ ദീപ നിഷാന്തിന് മറുപടിയുമായി കെ.എസ്.ശബരീനാഥൻ എംഎൽഎ. രമ്യയെക്കുറിച്ച് ഓർത്ത് ദീപ പരിതപ്പിക്കേണ്ടെന്നും ആ കുട്ടി വിജയിച്ചു വന്നോളുമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. ആലത്തൂരിൽ ഐഡിയ സ്റ്റാർ സിംഗർ തെരഞ്ഞെടുപ്പോ, അന്പല കമ്മിറ്റി തെരഞ്ഞെടുപ്പോ അല്ല നടക്കുന്നതെന്ന ദീപയുടെ വിമർശനത്തിനാണ് ശബരീനാഥൻ മറുപടി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എല്ലാ യോഗ്യതയും ഉള്ളയാളാണ് രമ്യ. ജനാധിപത്യ മാർഗമായ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനത്ത് രമ്യ എത്തുകയും ചെയ്തു. ഇതിന് പുറമേ കോണ്‍ഗ്രസിന്‍റെ ശക്തയായ പ്രവർത്തകയുമാണ്. ഇതെല്ലാം സൗകര്യപൂർവം മറന്നാണ് രമ്യയെ ഇകഴ്ത്തിയുള്ള ദീപയുടെ പോസ്റ്റെന്ന് ശബരീനാഥൻ വിമർശിച്ചു.

അമ്മയുടെ പ്രസിഡന്‍റായിരുന്ന പ്രമുഖ നടൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ബലേ ഭേഷ്. എന്നാൽ ഒരിക്കൽ തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരു വനിത ലോക്സഭയിലേക്ക് മത്സരിച്ചാൽ അവരെ ഐഡിയ സ്റ്റാർ സിംഗർ മത്സരാർഥിയോട് ഉപമിക്കുന്നു. നല്ല സ്ഥാനാർഥിയെ ജനങ്ങളാണ് വിജയിപ്പിക്കുന്നതെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.