സീറ്റ് തർക്കം: ബിജെപി നേതാക്കളുടെ അനുയായികൾ തമ്മിലടിച്ചു
Tuesday, March 26, 2019 3:42 PM IST
പാറ്റ്ന: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്‍റെയും ബിജെപി രാജ്യസഭാ എംപി ആർ.കെ.സിൻഹയുടെയും അനുയായികൾ പാറ്റ്ന വിമാനത്താവളത്തിന് മുന്നിൽ പരസ്പരം മുദ്രാവാക്യം മുഴക്കി തമ്മിലടിച്ചു. വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ എംപിയായിരുന്ന ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ രവിശങ്കർ പ്രസാദ് എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

രവിശങ്കർ പ്രസാദിന്‍റെ വരവറിഞ്ഞ് പാറ്റ്ന വിമാനത്താവള പരിസരത്ത് ഒത്തുകൂടിയ ഒരു സംഘം ബിജെപി പ്രവർത്തകർ ആർ.കെ.സിൻഹയ്ക്ക് അനുകൂലമായി മുദ്രാവാക്യം മുഴക്കി. രവിശങ്കർ പ്രസാദ് തിരിച്ചുപോവുക എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇതിനിടെ രവിശങ്കർ പ്രസാദ് അനുകൂലികളും സ്ഥലത്ത് എത്തിയതോടെയാണ് ബിജെപിക്കാർ തെരുവിൽ തമ്മിലടിച്ചത്.

ശത്രുഘ്നൻ സിൻഹയുടെ സീറ്റിൽ ഇത്തവണ ബിജെപി രവിശങ്കർ പ്രസാദിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സീറ്റിന്‍റെ പേരിൽ ബിഹാർ ബിജെപിയിൽ കടിപിടി തുടരുകയാണ്. അതിനിടെയാണ് നേതാക്കളുടെ അണികൾ തെരുവിൽ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.