പൾസ് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു
1599360
Monday, October 13, 2025 6:07 AM IST
4,20,139 കുട്ടികൾക്ക് തുള്ളിമരുന്ന്
പെരിന്തൽമണ്ണ: പൾസ് പോളിയോ ദിനമായിരുന്ന ഇന്നലെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവഹിച്ചു.
കുഞ്ഞുങ്ങളോടുള്ള സ്നേഹ വാത്സല്യങ്ങൾക്കൊപ്പം ആരോഗ്യസുരക്ഷക്കും നാം ബാധ്യസ്ഥരാണെന്നും ഭാവി തലമുറയെ സ്ഥിര വൈകല്യത്തിൽ നിന്ന് മുക്തമാക്കുന്ന ഈ ഉദ്യമം ഫലപ്രാപ്തിയിൽ എത്തിക്കുന്നതിന് ഒരേ മനസോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു.അഞ്ച് വയസിൽ താഴെയുള്ള 4,20,139 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്.
സർക്കാർ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സജ്ജമാക്കിയ 3810 ബൂത്തുകൾ വഴിയാണ് ജില്ലയിൽ തുള്ളിമരുന്ന് വിതരണം ചെയ്തത്. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 65 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും സജ്ജമാക്കിയിരുന്നു. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ 57 മൊബൈൽ ടീമുകളും പ്രവർത്തിച്ചിരുന്നു.
ഇന്നലെ തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ 13, 14 തിയതികളിൽ വീടുകളിലെത്തി വാക്സിൻ നൽകും. ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അധ്യക്ഷയായിരുന്നു. സ്റ്റേറ്റ് കോൾഡ് ചെയിൻ ഓഫീസർ എം.ആർ.ജയൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നിരീക്ഷകൻ കെ. അബ്ദു ഷുക്കൂർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, ഐഎംഎ ജില്ലാ ചെയർപേഴ്സണ് ഡോ. കൊച്ചു എസ്. മണി, ഐഎംഎ ദേശിയ ഉപാധ്യക്ഷൻ ഡോ. വി.യു. സിതി, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഇ.പി. ശരീഫ, ജില്ല എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി തുടങ്ങിയവർ പ്രസംഗിച്ചു.