അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന്
1599368
Monday, October 13, 2025 6:07 AM IST
മഞ്ചേരി: സെൻട്രൽ ജംഗ്ഷനിൽ മഞ്ചേരി നഗരസഭ പുനർനിർമിച്ച എം.പി.എ. അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് നാടിന് സമർപ്പിക്കും. വൈകീട്ട് മൂന്നിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
അഡ്വ. യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭ ഓഫീസ് പരിസരത്ത് നിന്ന് നഗരത്തിലൂടെ വിളംബര ഘോഷയാത്രയും നടക്കുമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാൻഡ് വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗങ്ങളും കലാപ്രകടനങ്ങളും അകന്പടിയേകും.
ഒന്‍പതര കോടി രൂപ ചെലവഴിച്ച് 38,167 ചതുരശ്ര അടിയിലാണ് കെട്ടിടം സജ്ജമാക്കിയത്. ഗ്രൗണ്ട് ഫ്ളോർ അടക്കം മൂന്ന് നിലകളിലായാണ് ഷോപ്പിംഗ് കോംപ്ലക്സ്. അപകടാവസ്ഥയിലായിരുന്ന പഴയബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു അതിവേഗം നിർമാണം പൂർത്തിയാക്കി. താഴത്തെ നിലയിൽ 34 മുറികളും ഒന്നാം നിലയിലും രണ്ടാം നിലയിലുമായി 30 വീതം മുറികളുണ്ട്. 29 ശുചിമുറികളും ഒരുക്കി. പഴയ കെട്ടിടത്തിലെ കച്ചവടക്കാരെ പുതിയ കെട്ടിടത്തിലേക്ക് പുനരധിവസിപ്പിച്ചു. ഒരു കോടി രൂപ വയറിംഗിനും 20 ലക്ഷം രൂപ ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഒരുക്കുന്നതിനും ലിഫ്റ്റ് സ്ഥാപിക്കുന്നതിനും അനുവദിച്ചു.
കെട്ടിടത്തിന്റെ മുൻഭാഗത്തും ബസുകൾ കയറി ഇറങ്ങുന്ന വഴിയിലും ഇന്റർലോക്ക് വിരിക്കും. കെട്ടിടത്തിന്റെ മുൻഭാഗത്തെ സ്ഥലം നഗരസഭ റോഡ് വീതികൂട്ടുന്നതിനായി പൊതുമരാമത്ത വകുപ്പിന് കൈമാറി. വകുപ്പിന്റെ നേതൃത്വത്തിൽ ഡ്രൈനേജ് മാറ്റി സ്ഥാപിക്കുന്നതോടെ മലപ്പുറം, പാണ്ടിക്കാട് റോഡിന്റെ വീതിയും കൂടും.
ചടങ്ങിൽ എംഎൽഎമാരായ എ.പി. അനിൽകുമാർ, പി. അബ്ദുൾ ഹമീദ്, പി.കെ. ബഷീർ, പി. ഉബൈദുള്ള, ടി.വി. ഇബ്രാഹിം, ആര്യാടൻ ഷൗക്കത്ത്, നജീബ് കാന്തപുരം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷർ, കൗണ്‍സിലർമാർ, വ്യാപാര സംഘടനാ പ്രതിനിധികൾ, മറ്റു രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
നഗരസഭയിലെ പഴയകാല നൂറിലധികം വരുന്ന ജനപ്രതിനിധികളെ ആദരിക്കും. തുടർന്ന് സംഗീത വിരുന്നും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, കൗണ്‍സിലർമാരായ ഹുസൈൻ മേച്ചേരി, സി. ഫാത്തിമ സുഹ്റ എന്നിവരും പങ്കെടുത്തു.