വിശ്വാസ സംരക്ഷണ യാത്രക്ക് നിലന്പൂരിൽ 16ന് സ്വീകരണം
1599365
Monday, October 13, 2025 6:07 AM IST
നിലന്പൂർ: കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥക്ക് 16 ന് നിലന്പൂരിൽ സ്വീകരണം നൽകും. ശബരിമലയിൽ ദ്വാരപാലക ശില്പത്തിലെ സ്വർണപാളികൾ കവർന്ന സംഭവത്തിൽ ദേവസ്വം ബോർഡ് ഭാരവാഹികളും ദേവസ്വം വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിശ്വാസ സംരക്ഷണ ജാഥ നടത്തുന്നത്.
സിപിഎമ്മും മുഖ്യമന്ത്രിയും അറിയാതെ ശബരിമലയിൽ ഒന്നും നടക്കില്ലെന്ന് ജനങ്ങളോട് തുറന്നുപറഞ്ഞ് കോണ്‍ഗ്രസ്, വിശ്വാസികൾക്കൊപ്പം എന്ന സന്ദേശം ഉയർത്തിയാണ് ജാഥ സംഘടിപ്പിക്കുന്നത്.
16ന് രാവിലെ പത്തിന് നിലന്പൂരിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാനം ചെയ്തു.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം വി.എ. കരീം, ഡിസിസി സെക്രട്ടറി അജീഷ് എടാലത്ത്, ഡിസിസി അംഗം എ. ഗോപിനാഥ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പാലോളി മെഹബൂബ്, ബാബു തോപ്പിൽ, ഗോപാലകൃഷ്ണൻ, ഇ.എ. കരീം, ജോജി കെ. അലക്സ് എന്നിവർ പ്രസംഗിച്ചു.
ആര്യാടൻ ഷൗക്കത്ത് എംഎൽഎ ചെയർമാനായി രൂപീകരിച്ച സ്വാഗതസംഘം ഇന്നും നാളെയും മണ്ഡലം കണ്‍വൻഷനുകൾ പൂർത്തിയാക്കും. 16 ന് രാവിലെ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് നിലന്പൂർ അങ്ങാടിയിലേക്ക് ജാഥയെ സ്വീകരിച്ച് ആനയിക്കും.