സിസ്റ്റർ പിയേര സിൽവെസ്ട്രിനിയുടെ ഓർമകളിൽ...
1584911
Tuesday, August 19, 2025 7:43 AM IST
കോഴിക്കോട്: ഇന്ത്യയിൽ വെനെറിനി സന്യാസിനി സമൂഹത്തിന്റെ വളർച്ചയ്ക്കു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും സ്വജീവിതം സമർപ്പിച്ച സിസ്റ്റർ പിയേര സിൽവെസ്ട്രിനിയുടെ ഓർമകളിൽ ആയിരുന്നു ഇന്നലെ നാട്. 2024 ഓഗസ്റ്റ് 18ന് മദർ ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും അവരുടെ പ്രവർത്തന ഫലം ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.
ഇരുപത്തിയെട്ടുവർഷക്കാലം ചെറുവണ്ണൂർ സന്ന്യാസിമഠത്തിന്റെ അമരത്ത് പ്രവർത്തിക്കുമ്പോഴും വിദ്യാഭ്യാസ-ആതുരസേവന രംഗത്ത് സിസ്റ്റർ പിയേര സിൽവെസ്ട്രിനി തന്റേതായ അടയാളങ്ങൾ രേഖപ്പെടുത്തി. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽനിന്ന് 1975-ൽ ആദ്യമായി ഇന്ത്യയിൽവന്ന് വെനെറിനി സഭയുടെ സാരഥ്യമേറ്റെടുത്ത് 1977-ൽ നൊവിഷ്യറ്റ് ആരംഭിച്ചു.
ചെറുവണ്ണൂർ പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്ത് മഠത്തിനുസമീപം വിദ്യാലയം തുടങ്ങി. പിന്നീട് സ്കൂളിനായി ഫാറൂഖ് കോളജിനടുത്ത് സ്ഥലംകണ്ടെത്തി. തുടർന്ന് സ്കൂൾ അവിടേക്ക് മാറ്റി. 1984-ൽ കരിങ്കല്ലായിയിൽ രണ്ടാമത്തെ സന്ന്യാസിനിമഠം സ്ഥാപിച്ചു. തുടർന്ന് വെനെറിനി സ്കൂളുകളുടെ പ്രഥമ മാനേജരായി. തുടർന്ന് ആസാം, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഭവനങ്ങൾ ആരംഭിച്ചു.
തികഞ്ഞ മനുഷ്യസ്നേഹിയായ മദർ എല്ലാവരെയും വേർതിരിവില്ലാതെ സ്നേഹിച്ചു. എന്നും പാവങ്ങളുടെ പക്ഷം ചേർന്നു നിൽക്കാൻ ശ്രദ്ധിച്ചു. വീടില്ലാത്തവർക്ക് ഭവനങ്ങൾ പണിതു. പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും നൽകി. ഇന്ത്യയിലെ ഒട്ടുമിക്ക വെനെറിനി സന്യാസിനികളും സമർപ്പിത ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് മദറിൽ നിന്നാണ്.
തുടർന്ന് ഇന്ത്യൻ വെനെറിനി സമൂഹം 1990-ൽ പ്രൊവിൻസായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മദർ പിയെരയെ അതിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലായി 24 കേന്ദ്രങ്ങളിൽ സിസ്റ്റേഴ്സ് ഇപ്പോൾ സേവനം ചെയ്യുന്നു. ആഗോള വെനെറിനി സഭയുടെ ജനറൽ കൗൺസിലറായി 2002-ൽ തെരഞ്ഞെടുക്കപ്പെട്ടത്തോടെ
സ്വരാജ്യത്തേക്ക് തിരിച്ചു പോകുകയായിരുന്നു മദർ. എങ്കിലും തന്റെ ജീവിതം മുഴുവനായും സമർപ്പിച്ച ഇന്ത്യയിൽ തന്നെ മരിക്കണം എന്നതായിരുന്നു മദറിന്റെ ആഗ്രഹം.