നിര്‍മാണത്തിലിരിക്കെ പാലം തകര്‍ന്ന സംഭവം: നിര്‍ദേശം പാലിച്ചില്ലെന്ന് കിഫ്ബി
1584912
Tuesday, August 19, 2025 7:43 AM IST
കോഴിക്കോട്: നിര്‍മാണത്തിലിരിക്കേ തോരായിക്കടവ് പാലം തകര്‍ന്നതില്‍ കരാര്‍ കമ്പനിക്കെതിരേ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിന്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിംഗ് ഡ്രോയിംഗ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിംഗ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത്.
സ്റ്റേജിംഗ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് കെആർഎഫ്ബി( കേരള ഫണ്ട് ബോര്‍ഡ്) ക്ക് ഒബ്സർവേഷൻ മെമ്മോ നൽകിയിരുന്നു. അംഗീകൃത സ്റ്റേജിംഗ് ഡ്രോയിംഗില്‍ ഉണ്ടായ വ്യതിയാനത്തിന്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിന്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല എന്നും കിഫ്ബി പറയുന്നു.
കഴിഞ്ഞ 14ന് അപകടമുണ്ടാകുന്ന സമയത്ത് പി. 3,പി 4 സ്പാനിന്റെ രണ്ടാം ഗർഡറിന്റെകോൺക്രീറ്റ് പണികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെ സ്റ്റേജിംഗ്സ്ട്രക്ചർ തകർന്ന് ഗർഡർ പൂർണമായി പുഴയിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് പമ്പ് ബ്ലോക്ക് ആകുകയും പൈപ്പിൽ മർദം കൂടുകയും ചെയ്തു എന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ വിശദീകരണം. ഇതേത്തുടർന്ന് ഗർഡർ സ്ഥാപിച്ചിരുന്ന സ്റ്റീൽ ക്രിബ്ബുകൾക്ക് മുകളിലെ മരക്കട്ടകൾക്ക് സ്ഥാനചലനം ഉണ്ടാവുകയും തുടർന്ന് അപകടം സംഭവിക്കുകയുമായിരുന്നു.
സ്വന്തം ലേഖകന്‍