പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലെ റോഡുകൾ തകർന്നു
1584909
Tuesday, August 19, 2025 7:43 AM IST
പെരുവണ്ണാമൂഴി: ഓണാവധിയിൽ നിരവധി വിനോദ സഞ്ചാരികളെത്തുന്ന പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡുകൾ തകർന്ന നിലയിൽ. ടൂറിസ്റ്റ് കേന്ദ്രത്തിലെ വൃഷ്ടി പ്രദേശത്തെ റോഡിലാണ് കുഴികൾ രൂപപ്പെട്ടത്.
ഗുണ നിലവാരമുള്ള പാതയിലൂടെ സഞ്ചരിച്ച് ടൂറിസ്റ്റ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിച്ചാൽ പിന്നെ ദുരിതയാത്രയാണ്. വലിയ കുഴികളാണ് പാത നിറയേ.പൊൻമലപ്പാറ റൂട്ടിൽ സിആർപിഎഫ് ഗ്രൗണ്ട് വരെയാണ് ദുരിതയാത്ര. ജല അഥോറിറ്റി ജലജീവൻ പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ച് വലിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തിയതോടെയാണ് പാത മുഴുവൻ താറുമാറായത്.
ഈ പ്രവൃത്തി പൂർത്തീകരിച്ച് ടൂറിസം ഫെസ്റ്റിനു വേണ്ടി പാതകൾ ടാർ ചെയ്തെങ്കിലും അധികം ആയുസുണ്ടായില്ല. മഴ ശക്തമായതോടെ കുഴികളിൽ ഇപ്പോൾ വലിയ വെള്ളക്കെട്ടാണ്. വാഹനയാത്രക്കാർ വളരെ പ്രയാസപ്പെട്ടാണ് സഞ്ചരിക്കുന്നത്. ടൂറിസം മാനേജ്മെന്റ് കമ്മിറ്റി ഇടക്ക് സമ്മേളനം നടത്താറുണ്ടെങ്കിലും റോഡ് നേരെയാക്കാൻ നടപടി ഉണ്ടായിട്ടില്ല.
വകുപ്പുകൾ പരസ്പരം പഴി ചാരി കർത്തവ്യത്തിൽ നിന്നു മുഖം തിരിക്കുകയാണ്. മഴ മാറുന്നതു വരെ കുഴികളിൽ ക്വാറി വേസ്റ്റിട്ട് തൽക്കാലം യാത്ര ചെയ്യാനുള്ള പ്രവൃത്തി നടത്തണമെന്നാണ് പെരുവണ്ണാമൂഴിയിലെത്തുന്ന സന്ദർശകരും നാട്ടുകാരും പറയുന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. റോഡുകൾ നേരെയാക്കുന്നതിൽ ബന്ധപ്പെട്ട ജനപ്രതിനിധികളും ശ്രദ്ധ പുലർത്തണമെന്ന ആവശ്യവും ശക്തമാണ്.