17കാരിയെ പീഡിപ്പിച്ച കേസിൽ നാല് പേര് പിടിയില്‍
1585700
Friday, August 22, 2025 5:28 AM IST
പേരാമ്പ്ര: 17 കാരിയെ പീഡിപ്പിച്ച കേസിലെ നാല് പേര് പിടിയില്‍. വടകര പതിയാരക്കര കുളങ്ങര അഭിഷേക് (19), കായണ്ണ ചേലക്കര മീത്തല്‍ മിഥുന് ദാസ് (19), വേളം പെരുമ്പാട്ട് മീത്തല്‍ സി.കെ. ആദര്‍ശ് (22) എന്നിവരും ഒരു 17 വയസുകാരനും ആണ് അറസ്റ്റിലായത്.
മിഥുന് ദാസിന്റെ കായണ്ണയിലെ വീട്ടില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് എത്തിച്ച് കായണ്ണയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഏഴ് ദിവസത്തോളം വീടിനുള്ളില്‍ തടവിലിട്ട് പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറയുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് അഭിഷേകുമായി പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ഈ സൗഹൃദമാണ് പെണ്‍കുട്ടിയെ കോഴിക്കോടും പിന്നീട് കായണ്ണയില്‍ ഉള്ള വീട്ടിലും എത്തിച്ചത്. സംഭവത്തിനു ശേഷം കോഴിക്കോട് ടൗണില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പോലീസ് ചൈല് വെല്‍ഫയര്‍ ഹോമില്‍ എത്തിക്കുകയായിരുന്നു.
അവിടെ നടന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞ ശേഷം ജുവനൈല്‍ അധികാരികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പേരാമ്പ്ര ഡിവൈഎസ്പി പി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. ജംഷിദ്, എസ്ഐമാരായ പി. പത്മകുമാര്‍, പി.കെ. അജയ് കുമാര്‍, എഎസ്ഐ വി. റിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചു. മറ്റു മൂന്ന് പ്രതികളെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളായ അഭിഷേക് മൂന്നാം തവണയാണ് പോസ്കോ കേസില്‍ പ്രതിയാകുന്നത്.