കാത്തിരിപ്പിന് വിരാമം : ഫുഡ് സ്ട്രീറ്റ് അവസാനഘട്ടത്തിലേക്ക്
1585698
Friday, August 22, 2025 5:28 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കോഴിക്കോടൻ ഭക്ഷ്യതനിമയുടെ രുചിനുകരാം. ഭക്ഷ്യത്തെരുവ് ഒരുക്കുന്ന ഫുഡ് സ്ട്രീറ്റ് കം വെന്‍ഡിംഗ് സോൺ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. നിർമാണപ്രവൃത്തി ഈ ആഴ്ച പൂർത്തിയാകും.
വൈദ്യുതിബന്ധം സ്ഥാപിക്കലും കുടിവെള്ള കണക്ഷനുമാണ് ഇനിയുള്ളത്. ട്രാൻസ്ഫോർമർ സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങി. ഇത് പൂർത്തിയാക്കി അടുത്തമാസം രണ്ടാം വാരത്തോടെ ഉദ്ഘാടനം നടത്താനാണ് കോർപറേഷൻ നീക്കം. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ആധുനിക സംവിധാനത്തോടെ ഉന്തുവണ്ടി കച്ചവടത്തിനായുള്ള കോർപറേഷന്റെ വെന്‍ഡിംഗ് സോൺ പദ്ധ തിയോട് ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരേമാതൃകയിൽ തയ്യാറാക്കിയ ഉന്തുവണ്ടികളിലാണ് കച്ചവടം. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡാണ് ഉന്തുവണ്ടികൾ നിർമിക്കുന്നത്. നിലവിൽ, എട്ട് ഉന്തുവണ്ടികൾ എത്തിയിട്ടുണ്ട്. കോർപറേഷൻ ഓഫീസിന് മുൻവശത്തുനിന്ന് ഓപ്പൺ സ്റ്റേജ് ഭാഗത്തേക്ക് 300 മീറ്ററിലുള്ള മേഖലയാണ് പദ്ധതിയിൽ ഉൾപ്പെടുക. നാലര കോടി പദ്ധതിക്കായി വകയിരുത്തി.
90 അംഗീകൃത കച്ചവടക്കാരെ ഇവിടെ പുനരധിവസിപ്പിക്കും. 2.41 കോടി എൻയുഎൽഎമ്മും ഒരുകോടി ഫുഡ് സേഫ്റ്റി വകുപ്പും നൽകും. ബാക്കി ചെലവ് കോർപറേഷൻ വഹിക്കും. എസ്ടിപി മാതൃകയിൽ പ്രത്യേക ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം, ശുദ്ധമായ കുടിവെള്ളം, വെളിച്ചം എന്നിവയുണ്ടാകും. നഗരത്തിൽ 2812 അംഗീകൃത തെരുവുകച്ചവടക്കാരുണ്ട്. ഘട്ടം ഘട്ടമായി ഇവർക്കായി കച്ചവടമേഖലകൾ ഒരുക്കും.