കടലിനടിയിലെ കണ്ടെയ്നറുകള്‍ : മത്സ്യബന്ധനത്തിന് അപകട ഭീഷണിയെന്ന്
1585134
Wednesday, August 20, 2025 5:42 AM IST
കോഴിക്കോട്: അപകടത്തിന് പിന്നാലെ ചരക്ക് കപ്പലില്‍ നിന്നും വീണ കണ്ടെയ്നറുകള്‍ ഉള്‍പ്പെടെ മത്സ്യബന്ധനത്തിറങ്ങുന്ന ബോട്ടുകള്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. മലപ്പുറം താനൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന റിംഗ്സീന്‍ മത്സ്യബന്ധനവല നശിക്കാന്‍ ഇടയായത് കപ്പലപകടം സൃഷ്ടിച്ച ദുരന്തത്തിന്റെ ബാക്കിപത്രമാണെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് പരാതിപ്പെട്ടു.
ആലപ്പുഴ തോട്ടപ്പള്ളിയില്‍ 14.6 നോട്ടിക്കല്‍ മൈല്‍ കടലില്‍ മുങ്ങിയ എംഎസിഎല്സാ കപ്പലിലെ 643 കണ്ടെയ്നറുകളും കോഴിക്കോട് ബേപ്പൂര്‍ പടിഞ്ഞാറ് 88 നോട്ടിക്കല്‍ മൈല്‍ കടലില്‍ തീ പിടിച്ച കപ്പലില്‍ നിന്നും വീണ നിരവധി കണ്ടെയ്നറുകളും കടലിനടിയില്‍ അലക്ഷ്യമായി ഒഴുകി നടക്കുന്നത് മത്സ്യ സമ്പത്തിനും കടല്പരിസ്ഥിതിക്കും ഭീഷണി ഉയര്‍ത്തുകയാണ്.
സംസ്ഥാനത്ത് 50 ലധികം മത്സ്യബന്ധനവലകള്‍ നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് കോടികളുടെ നഷ്ടം ഉണ്ടായിട്ടും താല്‍ക്കാലിക നഷ്ടപരിഹാരം പോലും നല്കാന് ഫിഷറീസ് വകുപ്പും മത്സ്യഫെഡും തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. 1958ലെ മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് പ്രകാരം മലിനീകരണം തടയുവാനും അപകടകരമായ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുവാനും കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് അധികാരമുണ്ടായിട്ടും അപകടത്തില്‍പ്പെട്ട വിദേശ കപ്പല്‍ കമ്പനികളുടെ ചെലവില്‍ കമ്പനികളെ കൊണ്ട് സമയബന്ധിതമായി കണ്ടെയ്നറുകള്‍ നീക്കം ചെയ്യാത്തത് മൂലം കേരളത്തിന്റെ തീരക്കടലില്‍ മത്സ്യബന്ധനം അസാധ്യമായിരിക്കുകയാണ്.
ലക്ഷങ്ങള്‍ മുതല്‍മുടക്കുള്ള മത്സ്യബന്ധന വലകള്‍ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ താല്‍ക്കാലിക നഷ്ടപരിഹാരം നല്കുവാനും വിഷയത്തില്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുവാനും സംസ്ഥാന ഫിഷറീസ് വകുപ്പ് തയാറാകണം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിയമവിരുദ്ധ താല്പര്യങ്ങള് സംരക്ഷിക്കുവാനാണ് മത്സ്യമേഖലയെ ഒന്നടങ്കം സര്‍ക്കാര്‍ കുരുതി കൊടുക്കുന്നതെന്നും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ജാക്സണ് പൊള്ളയിലും ജനറല്‍ സെക്രട്ടറി എം. പി.അബ്ദുൾ റാസിഖും ആഭിപ്രായപ്പെട്ടു.