ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുനര്‍നിര്‍മിച്ചില്ല; പ്രതിഷേധമുയരുന്നു
1584913
Tuesday, August 19, 2025 7:43 AM IST
കൊയിലാണ്ടി: സ്വാതന്ത്ര സമര ചരിത്രത്തിലെ സുവര്‍ണ ലിപികളിലെഴുതിയ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ചേമഞ്ചേരിയില്‍ ദേശീയപാതക്കരികെ സ്ഥാപിച്ച ക്വിറ്റ് ഇന്ത്യാസ് മാരക സ്തൂപം പുനര്‍നിര്‍മിച്ചില്ല. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്തൂപം നീക്കം ചെയ്തത്.
ക്വിറ്റ് ഇന്ത്യ സമരത്തില്‍ ഗ്രാമം വഹിച്ച നിര്‍ണായകമായ പങ്കിനെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1922-ല്‍ ചേമഞ്ചേരി സബ് റജിസ്ട്രര്‍ ഓഫീസിന് മുമ്പില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച സമര സ്തൂപമാണ് ഹൈവെ അഥോറിറ്റി പൊളിച്ചു നീക്കിയത്. യാതൊരു നഷ്ടപരിഹാരവും നല്‍കാതെയായിരുന്നു നടപടി.
സ്മാരകം നിലവിലുള്ളപോലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നും എന്‍ എച്ച് അധികൃതര്‍ പഞ്ചായത്ത് അധികൃതരുമായി ധാരണയിലെത്തിയിരുന്നു.എന്നാല്‍ പിന്നീട് സ്തൂപം പുന:സ്ഥാപിക്കാനൊ ആവശ്യമായ ഫണ്ട് അനുവദിക്കാനോ അധികൃതര്‍ തയാറായില്ല.
രജിസ്ട്രാര്‍ ഓഫീസ് നിലനിന്നിരുന്ന സ്ഥലം പഞ്ചായത്ത് വിലയ്ക്കെടുത്ത് രജിസ്ട്രേഷന് വകുപ്പിന് കൈമാറിയിരുന്നു. അതിനാല്‍ ഇവിടെ സ്മാരകം സ്ഥാപിക്കണമെങ്കില്‍ മേലില്‍ രജിസ്ട്രേഷന് വകുപ്പിന്റെ അനുമതി ആവശ്യമാണെന്ന് വന്നതോടെ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുകയും എം എല്‍എ മുഖേന ഇടപെടലുകള്‍ നടത്തുകയുമുണ്ടായി. എന്നിട്ടും വിഷയത്തില്‍ ഉദാസീന നയമാണ് ദേശീയപാത അധികൃതര്‍ തുടരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
സ്വാതന്ത്രത്തിനായി ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ചേമഞ്ചേരി ഗ്രാമത്തില്‍ നിന്ന് സ്വാതന്ത്ര്യ സമര മുഖത്ത് അണിനിരന്നിട്ടുണ്ട്. ഇവരില്‍ നിരവധി പേര് കൊടിയ പോലീസ് മര്‍ദ്ദനത്തിനും കഠിന ശിക്ഷക്കും വിധേയരാവേണ്ടി വന്നു. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത ഇരുപത്തഞ്ചോളം പേര് ചേമഞ്ചേരി ഗ്രാമത്തിന്റെ സംഭാവനയായിരുന്നു. നാലോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമര കാലഘട്ടത്തില്‍ അഗ്നിക്കിരയാക്കപ്പെട്ടു.
‘സ്വതന്ത്ര ഭാരതം എന്ന പത്രവും' ചേമഞ്ചേരിയില്‍ നിന്ന് അച്ചടിച്ച് വിതരണം ചെയ്യുകയുണ്ടായി. ദീപ്തമായ കിറ്റ് ഇന്ത്യാ സമര സ്മരണ നിലനിര്‍ത്താന്‍ ചരിത്ര സ്മാരകം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 83-ാം വാര്‍ഷിക ദിനമായ ഇന്ന് ചൊവ്വാഴ്ച ചരിത്ര സംരക്ഷണ സമിതി നേതൃത്വത്തില്‍ ചേമഞ്ചേരി റജിസ്ട്രാര്‍ ഓസീസിന് സമീപം ജനകീയ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുണ്ട്.
സുധീര്‍ കൊയിലാണ്ടി