കൂട്ടായ്മയുടെ കരുത്തില്‍ കോട്ടൂരിന് അഭിമാന നേട്ടം
1584915
Tuesday, August 19, 2025 7:43 AM IST
കോഴിക്കോട്: ഇരു കരകളെ ബന്ധിപ്പിച്ചു എന്നതിനപ്പുറം ഒരു നാടിന്റെ കൂട്ടായ്മയുടെ കഥ പറയാനുണ്ട് കോട്ടൂര്‍ പഞ്ചായത്തിലെ ഇടിഞ്ഞകടവ് പാലത്തിന്. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യ പാലമൊരുക്കാന്‍ ത്രിതല പഞ്ചായത്ത് സംവിധാനവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒറ്റക്കെട്ടായിനിന്നതോടെ ഒരു നാടിന്റെ ഏറെക്കാലത്തെ സ്വപ്നം കൂടിയാണ് യാഥാര്‍ഥ്യമായത്. 461 തൊഴില്‍ദിനമാണ് ഇതിലൂടെ സൃഷ്ടിക്കാനായത്.
39.73 ലക്ഷം രൂപ വിനിയോഗിച്ച് പാലം യാഥാര്‍ഥ്യമായതോടെ കോട്ടൂര്‍ പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള യാത്രാപ്രശ്നത്തിനാണ് പരിഹാരമായത്. 7.2 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമാണ് പാലം.
പാലത്തിനൊപ്പം പ്രവൃത്തി പൂര്‍ത്തിയാക്കിയ വയലില്‍ പീടിക റോഡും ആസൂത്രണ മികവിന്റെ നേര്‍ചിത്രമാണ്. തൃക്കുറ്റിശേരി, വാകയാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് 1.100 കിലോമീറ്റര്‍ ദൂരത്തിലാണ് പൂര്‍ത്തിയാക്കിയത്. റോഡും പാലവും യാഥാര്‍ഥ്യമായതോടെ വാകയാട് ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ തൃക്കുറ്റിശേരിയിലെത്താനും വഴിയൊരുങ്ങി. ഇതുവരെ കോട്ടൂര്‍ പഞ്ചായത്തിലെ വാകയാട് ഭാഗത്തുള്ളവര്‍ പനങ്ങാട് പഞ്ചായത്തിലൂടെ കടന്ന് വേണമായിരുന്നു തൃക്കുറ്റിശേരിയിലെത്താന്.
വലിയ നിര്‍മാണ പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയറില്‍നിന്ന് സാങ്കേതികാനുമതി വാങ്ങി മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് പാലം നിര്‍മിച്ചത്.
മൂലാട് കനാല്‍പ്പാലവും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാനൊരുങ്ങുകയാണ്. ഇതിന് ഇറിഗേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചു. മഴ കുറയുന്നതോടെ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.