കൂരാച്ചുണ്ട് ടൗണിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കണമെന്ന്
1584905
Tuesday, August 19, 2025 7:42 AM IST
കൂരാച്ചുണ്ട്: വാഹനങ്ങളുടെ തിരക്ക് മൂലം ഗതാഗത തടസങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ ദുരിതം അനുഭവപ്പെടുന്ന കൂരാച്ചുണ്ട് അങ്ങാടിയിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രാഫിക് സംവിധാനങ്ങൾക്കായി വിളിച്ചുകൂട്ടുന്ന പോലീസ് ഉൾപ്പെടുന്ന സർവകക്ഷി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ഒന്നുംതന്നെ നടപ്പാക്കുന്നില്ലെന്നും യോഗം ആരോപിച്ചു.
കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ സീബ്രാലൈൻ മാഞ്ഞുപോയ ഭാഗത്തുകൂടി വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കുന്ന സമയങ്ങളിൽ സ്ഥിരമായി പോലീസ് സംവിധാനം വേണമെന്നാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
കൂരാച്ചുണ്ട് അങ്ങാടിയിലും പോലീസ് സംവിധാനം വേണ്ട രീതിയിലില്ല. അങ്ങാടിയിലെ ട്രാഫിക് സംവിധാനം നല്ലനിലയിൽ കുറ്റമറ്റതാക്കാനായി പോലീസും പഞ്ചായത്തും സഹകരിച്ചു കൊണ്ട് സർവകക്ഷി യോഗം വിളിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. എ.കെ. പ്രേമൻ, പീറ്റർ കിങ്ങിണിപ്പാറ, വിനു മ്ലാക്കുഴിയിൽ, ഒ. ഗോപിനാഥൻ, പ്രവീൺ, പി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.