‘തണല്‍' ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡിസിറ്റി അത്യാധുനിക കെട്ടിടം ഉദ്ഘാടനം
1585295
Thursday, August 21, 2025 5:16 AM IST
കോഴിക്കോട്: കണ്ണൂരിലെ ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്ററായ കാഞ്ഞിരോട് 'തണല്‍' ബ്രെയിന്‍ ആന്ഡ്സ്പൈന് മെഡിസിറ്റി മലബാര്‍ ഗ്രൂപ്പിന്റെ സഹായത്തോടെ നിര്‍മിച്ച അത്യാധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. അപകടത്തിലും മറ്റും പരിക്കേറ്റ് കിടപ്പിലായിപ്പോയവര്‍ക്കും മറ്റ് രോഗികള്‍ക്കും ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡിസിറ്റി നല്കുന്ന ചികിത്സാ സേവനം മഹത്തരവും മനുഷ്യത്വപരവുമാണെന്ന് എ.എന്‍. ഷംസീര്‍ പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെ 70 കിടക്കകളുള്ള പുതിയ കെട്ടിടമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു കോടിയാണ് മലബാര്‍ ഗ്രൂപ്പ് പുതിയ കെട്ടിടത്തിന് സംഭാവനയായി നല്‍കിയത്. 2022 ല്‍ ‘തണല്‍' സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ആരംഭിച്ച ബ്രെയിന്‍ ആന്റ് സ്പൈന്‍ മെഡിസിറ്റി അപകടത്തിലും മറ്റും നട്ടെല്ലിന് ക്ഷതമേറ്റും തലച്ചോറിന് പരിക്കേറ്റും പക്ഷാഘാതം മൂലം കിടപ്പിലായതുമായ രോഗികളെ അത്യാധുനിക ചികിത്സയിലൂടെ സുഖപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരികയാണ് ചെയ്യുന്നത്. ഹൈഡ്രോ തെറാപ്പി, റോബോട്ടിക് തെറാപ്പി അടക്കമുള്ള നൂതന ചികിത്സാ സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
പുതിയ കെട്ടിടത്തിലെ ഓഡിറ്റോറിയം കെ.കെ.ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐപി ബ്ലോക്ക് ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദും, സല്‍സാര്‍ ന്യൂറോ സെന്റര്‍ ഉദ്ഘാടനം സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എം.സലാഹുദ്ദീനും നിര്‍വ്വഹിച്ചു. ‘തണല്‍' ചെയര്മാന് ഡോ.വി. ഇദ്രീസ് അധ്യക്ഷത വഹിച്ചു.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനീഷ, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, കൂടാളി പഞ്ചായത്ത് അംഗം ടി.മഞ്ജുള, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.