ദേശീയപാതയില്‍ നീരീക്ഷണ കാമറകള്‍ ഉടന്‍ മിഴിതുറക്കും
1585294
Thursday, August 21, 2025 5:16 AM IST
കാമറകളുടെ പരിശോധന അന്തിമഘട്ടത്തില്‍
കോഴിക്കോട്: ദേശീയപാത വെങ്ങളം -രാമനാട്ടുകര റീച്ചിൽ നിരീക്ഷണത്തിനായി സ്ഥാപിച്ച കാമറകൾ രണ്ട് ദിവസത്തിനകം പ്രവർത്തനസജ്ജമാകും. കാമറകളുടെ പരിശോധന പുരോഗമിക്കുകയാണെന്നും ചിലയിടങ്ങളിൽ നിന്നുള്ള കണക്ഷനുകളുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചുവരികയാണെന്നും ദേശീയപാതയുടെ കരാർ ഏറ്റെടുത്ത കരാർ ഏറ്റെടുത്ത കെഎംസി കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു.
കനത്ത മഴയായതിനാൽ കാമറകളുമായി ബന്ധപ്പെട്ട പ്രവൃത്തി നടന്നിട്ടില്ല. എല്ലാ കാമറകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 28.7 കിലോമീറ്റർ ദൂരത്തിൽ 47 കാമറകളാണ് സ്ഥാപിച്ചത്. നിശ്ചിത ദൂര പരിധിക്കുള്ളിലാണ് അത്യാധുനിക കാമറകൾ സ്ഥാപിച്ചത്. ചെറിയ വളവുകളുൾപ്പെടെ റോഡിലെ ദൃശ്യങ്ങൾ മായുന്ന സ്ഥലങ്ങളിൽ അടുത്തടുത്തായാണ് കാമറകൾ സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു.
പന്തീരാങ്കാവിനും രാമനാട്ടുകരയ്ക്കുമിടയിൽ മാമ്പുഴ പാലത്തിനുസമീപത്തെ ടോൾപ്ലാസ കേന്ദ്രീകരിച്ചാണ് മുഴുവൻ കാമറകളുടെയുടെയും നിയന്ത്രണ നിരീക്ഷണ സംവിധാനങ്ങൾ. ടോൾപ്ലാസ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പമാകും എല്ലാ കാമറകളുടെയും ദൃശ്യ ശേഖരണം പ്രാബല്യത്തിൽ വരിക സർവീസ് റോഡുകളിലുള്ള ദൃശ്യങ്ങളും കാമറയിൽ പതിയും വിധത്തിലാണ് സജ്ജമാക്കിയത്. മാമ്പുഴ ടോൾ ബൂത്തിലെ പ്രത്യേക മുറിയിൽ മോണിറ്റർ സ്ഥാപിച്ചാണ് കാമറയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്.
പാതയിലുടനീളം മറ്റിടങ്ങളിൽ കറങ്ങുന്ന കാമറകളും ഫിക്സഡ് വിഷൻ കാമറകളുമാണ് സ്ഥാപിച്ചത്. 15 ദിവസത്തെ റിക്കോർഡിംഗ് സൂക്ഷിക്കാനും വാഹനങ്ങളുടെ റജിസ്ട്രേഷൻ നമ്പറുകൾ തിരിച്ചറിയാൻ ദൃശ്യങ്ങൾ വലുതാക്കാനും(സൂമിംഗ്)ശേഷിയുള്ള സംവിധാനമാണ് സജ്ജമാക്കിയത്. കാമറകളുടെ പ്രവർത്തനം വിലയിരുത്തി വരികയാണ്. സാങ്കേതിക തകരാറുകൾ ചില സ്ഥലങ്ങളിലുണ്ട്. ഇവ പരിഹരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും സഞ്ചരിക്കുന്ന മുഴുവൻ വാഹനങ്ങളുടെയും ചലനങ്ങൾ സദാസമയം കാമറകൾ ഒപ്പിയെടുക്കും. ഇതുവഴി നിയമലംഘനങ്ങൾ കണ്ടെത്താനാകും. റോഡിലെ അപകടങ്ങളും മറ്റു കുറ്റകൃത്യങ്ങളും ഉണ്ടായാൽ പോലീസിനും അവശ്യസർവീസുകൾക്കും എത്തുന്നതിനും ഏറെ സഹായകമാകും.