വന്യമൃഗ പ്രതിരോധം തൂക്കു വേലി സ്ഥാപിക്കാനുള്ള നീക്കം അപ്രായോഗികവും ധൂർത്തും: ഡോ. എം.എ. ജോൺസൺ
1585293
Thursday, August 21, 2025 5:16 AM IST
ചക്കിട്ടപാറ പഞ്ചായത്ത് വനാർത്തിയിൽ പ്രയോജനകരം ആന മതിൽ മാത്രം
രാജൻ വർക്കി
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിൽ വനാതിർത്തി കാർഷിക മേഖലയിൽ ലക്ഷക്കണക്കിനു രൂപ വകയിയിരുത്തി സൗര തൂക്കു വേലി നിർമിക്കാനുള്ള നീക്കം അപ്രായോഗികവും ധൂർത്തുമെന്ന് ഭിന്നശേഷിക്കാരനും എംടെക് സ്ഥാപനമുടമയും കർഷകനുമായ എം.എ. ജോൺസൺ.
പാരമ്പര്യ സിദ്ധിയായി ലഭിച്ച കൃഷി വൈദഗ്ധ്യ പ്രായോഗിക നേട്ടം നിരന്തര വന്യ മൃഗാക്രമണത്തിൽ നശിച്ചെന്ന് അനുഭവത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സ്കൂളിൽ പോയിട്ടുള്ള വിദ്യാഭ്യാസമില്ലെങ്കിലും ഇലക്ട്രോണിക്സിൽ ദൈവത്തിന്റെ കരസ്പർശമുണ്ടായതാണ് തന്റെയും കുടുംബത്തിന്റെയും ജീവിതം ഇപ്പോൾ പിടിച്ചു നിർത്തുന്നതെന്ന് ജോൺസൺ ദീപികയോട് പറഞ്ഞു.
പെരുവണ്ണാമൂഴി ഓനിപ്പുഴയോരത്തെ കൃഷിയിടത്തിലെ ഫലങ്ങൾ കൊണ്ട് ആഹാരവും വരുമാനവുമുണ്ടാക്കി ജീവിക്കാമെന്ന സ്വപ്നങ്ങൾ തകർത്തത് നിരന്തര വന്യമൃഗാക്രമണമാണ്. മുള്ളൻ പന്നിയും കാട്ടുപന്നിയും ഇടവിള കൃഷികൾ നശിപ്പിക്കുന്നത് പതിവാക്കിയതോടെ ഇത് കൃഷി ചെയ്യൂന്നത് നിർത്തി. പിന്നാലെ കാട്ടാനകളും നൂറ് കണക്കിനു വാനരൻ മാരും പറമ്പിലിറങ്ങിയതോടെ നാശം പൂർണമായി. അരച്ചു കൂട്ടാൻ പോലും നാളികേരം തെങ്ങിൽ നിന്നു കിട്ടാതായി. വീടിനു പുറത്തിറങ്ങിയാൽ വെള്ളക്കയും കരിക്കും പറിച്ച് കുരങ്ങൻമാർ എറിഞ്ഞ് കൊല്ലാൻ ശ്രമിക്കും.
ഫോറസ്റ്റ് ഓഫീസിന്റെ സമീപ പ്രദേശമായ വട്ടക്കയം ഭാഗത്താണ് ജോൺസനും കുടുംബവും താമസിക്കുന്നത്. മലയോര കർഷകരെ വന്യമൃഗാക്രമണത്തിൽ നിന്ന് രക്ഷിക്കാനെന്നോണം ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ വനംവകുപ്പ് ഏർപ്പെടുത്തിയ സംവിധാനങ്ങളെല്ലാം കാലക്രമേണ നശിച്ചു. ആദ്യം കൊണ്ടു വന്നത് സോളാർ വേലിയാണ്. പല ഘട്ടങ്ങളിലായി ഇത് സ്ഥാപിച്ച് ലക്ഷങ്ങൾ പാഴാക്കിയതാണ് മിച്ചമുണ്ടായത്. കിടങ്ങുകൾ നിർമിക്കലായിരുന്നു അടുത്ത പരിപാടി. ഇതും തകർന്നു. അതിലും ലക്ഷങ്ങൾ പൊടി പൊടിച്ചു. മെയിന്റനൻസിനും സംരംക്ഷണത്തിനും ആരുമില്ലാതായതാണ് ഇവയുടെയെല്ലാം നാശത്തിനു കാരണം.
കർഷക മുറവിളിയും പ്രതിഷേധ സമരങ്ങളും നിരന്തരമുണ്ടായപ്പോൾ പടക്ക പ്രയോഗവുമായി ഉദ്യോഗസ്ഥർ എത്തി. ഇതിനെയും വന്യമൃഗങ്ങൾക്ക് ഭയമില്ലാതായി. ചക്കിട്ടപാറ പഞ്ചായത്ത് വനാതിർത്തിയിൽ വേണ്ടത് അൽപ്പം ചെലവേറുമെങ്കിലും വേണ്ടത് ആന മതിലാണെന്നും കർഷകർ പറഞ്ഞെങ്കിലും വനംവകുപ്പധികാരികളും സർക്കാരും കേൾക്കാൻ ചെവി കൊടുത്തില്ല.
സോളാർ തൂക്കു വേലി സ്ഥാപിക്കലാണ് അടുത്ത പരിപാടി. ഇതിലൂടെ നിരന്തര ഉപദ്രവകാരികളായ മുള്ളൻപന്നി, കാട്ടുപന്നി, കുരങ്ങുകൾ എന്നിവയുടെ ശല്യം തടയാനാവുമോയെന്ന ചോദ്യത്തിനു കൃത്യമായി ഉത്തരം പറയാൻ വനം അധികാരികൾക്ക് കഴിയുന്നില്ല. സോളാർ വേലിയുടേയും കിടങ്ങിന്റെയ്യും സ്ഥിതി തന്നെയാണ് ഇതിന്റെയും ഭാവി ഗതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.