ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണമൊരുക്കുന്നു
1585290
Thursday, August 21, 2025 5:16 AM IST
കോഴിക്കോട്ടെ സ്വീകരണവും ഭദ്രാസന ദിനാഘോഷവും 24ന്
കോഴിക്കോട്: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കപ്പെട്ട ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കോഴിക്കോട് ഭദ്രാസനം ഒരുക്കുന്ന സ്വീകരണവും ഭദ്രാസന ദിനാഘോഷവും 24 ന് വൈകുന്നേരം മൂന്നിന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സൂനോറോ സുറിയാനി പള്ളിയിൽ നടത്തും.
2.30ന് മൗണ്ട് ഹോറേബ് അരമനയിൽ നിന്നു ശ്രേഷ്ഠ ബാവായെ അനേകവാഹനങ്ങളുടെ അകമ്പടിയോടെ വേളംകോട് പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ഭദ്രാസനധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും.
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യപ്രഭാഷണം നടത്തും. മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എംഎൽഎ ലിന്റോ ജോസഫ്, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, ഭദ്രാസന സെക്രട്ടറി ഫാ. അനീഷ് കവുങ്ങുംപള്ളി ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കും. ഭദ്രാസന വൈദീക ശുശ്രൂഷകളിൽനിന്ന് വിരമിച്ച വൈദികരെയും വിവിധ റാങ്ക് ജേതാക്കളെയും യോഗത്തിൽ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.അനീഷ് കവുങ്ങുംപള്ളി, ജോ.സെക്രട്ടറി ബിജു കരിക്കംഞ്ചിറ, ബേബി ജേക്കബ് പീടിയേക്കല്‍, ഫാ.എല്‍ദോ ഈന്തലാം കുഴിയില്‍ എന്നിവര്‍ പങ്കെടുത്തു.