തെരുവുനായ ശല്യം രൂക്ഷം; കൂരാച്ചുണ്ടിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ ഭയം
1585135
Wednesday, August 20, 2025 5:42 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ വിളയാട്ടം. ഒട്ടനവധി യാത്രക്കാർ സഞ്ചരിക്കുന്ന ബസ് സ്റ്റാൻഡ് മുതൽ ടൗണിലെ വിവിധ ഭാഗങ്ങളിലെല്ലാം തെരുവുനായകൾ തമ്പടിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് നടന്നു പോകാൻ പോലും കഴിയാത്ത വിധമാണ് നായകൾ ആക്രമണം നടത്തുന്നത്.
ഇതിനിടയിലൂടെ ഭീതിയോടെയാണ് യാത്രക്കാർ കടന്നു പോകുന്നത്. വിദ്യാർഥികളും മറ്റു യാത്രക്കാരും പോകുന്ന തിരക്കേറിയ വൈകുന്നേര സമയങ്ങളിലാണ് ഇവയുടെ സാന്നിധ്യം കൂടുതൽ അനുഭവപ്പെടുന്നത്. കൂരാച്ചുണ്ട് ടൗണിൽ നിന്നും നിരവധി തവണ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായ വിദ്യാർഥികളടക്കമുള്ള യാത്രക്കാരുണ്ട്.
തെരുവുനായകൾ പെറ്റുപെരുകി പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജനങ്ങളുടെ ജീവനുപോലും ഭീഷണിയായി മാറിയ തെരുവുനായകളുടെ ശല്യത്തിന് അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.