വിവാഹ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണവും 6000 രൂപയും മോഷണം പോയി
1585127
Wednesday, August 20, 2025 5:19 AM IST
നാദാപുരം: വിവാഹം നടന്ന വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണവും 6,000 രൂപയും മോഷണം പോയെന്ന് പരാതി. ഇരിങ്ങണ്ണൂരിലെ മുടവന്തേര് കീഴില്ലത്ത് ടി.പി. അബൂബക്കറിന്റെ വീട്ടിൽ കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം 5.30നും രാത്രി 1.30നും ഇടയിലുള്ള സമയത്താണ് മോഷണം.
വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽ നിന്ന് ഏഴ് ലക്ഷത്തിൽ പരം രൂപയുടെ സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. 50,000 രൂപയുടെ കെട്ടിൽ നിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽ തന്നെവച്ചാണ് സ്വർണവുമായി മോഷ്ടാവ് മുങ്ങിയത്.
അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. അലമാരയുടെ താക്കോൽ സമീപത്തു തന്നെ സൂക്ഷിച്ചതായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നതും മോഷണം നടത്തിയതും. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.