പെരുവണ്ണാമൂഴി വട്ടക്കയം മേഖലയിൽ തൂക്കുവേലി നിർമാണം ഉടൻ തുടങ്ങും
1585139
Wednesday, August 20, 2025 5:42 AM IST
കർഷക-വനംഉദ്യോഗസ്ഥ സംയുക്ത യോഗം ചേർന്നു
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽപെട്ട വട്ടക്കയം മേഖലയിൽ വന്യമൃഗ പ്രതിരോധത്തിന് നാല് കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലി നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. വേലി സ്ഥാപിക്കുന്നതിനുള്ള സ്ഥല നിർണയത്തിനുശേഷം ഇന്നലെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് ഹാളിൽ കർഷകരുടെയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്നു.
തൂക്കുവേലി നിർമാണം സംബന്ധിച്ച കർഷകരുടെ സംശയങ്ങളും ആശങ്കകളും പരിഹരിച്ചു. തികച്ചും സുതാര്യമായാണ് പദ്ധതി നടപ്പാക്കുകയെന്ന് വനം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാർഡ് മെമ്പർ രാജേഷ് തറവട്ടത്ത് അധ്യക്ഷത വഹിച്ചു. റേഞ്ച് ഓഫീസർ എ.സി. സുരേന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.എൻ. രാജേഷ് എന്നിവർ സംബന്ധിച്ചു.
തൂക്കുവേലി നിർമിക്കുന്നതിന് കർഷകർ സഹകരണം വാഗ്ദാനം ചെയ്തു. വനഭൂമിയിൽ നിന്ന് കൃഷി ഭൂമിയിലേക്ക് ചാഞ്ഞ് നിൽക്കുന്ന മര ശിഖരങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ മുറിക്കണമെന്ന മുമ്പേയുള്ള ആവശ്യം ഉടൻ നടപ്പാക്കണമെന്ന് കർഷകർ വീണ്ടും ഉന്നയിച്ചു. ഡിഎഫ്ഒയെ അറിയിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് റേഞ്ച് ഓഫീസർ യോഗത്തിൽ അറിയിച്ചു.