കോഴിക്കോട്ടെ കെട്ടിട നമ്പർ തട്ടിപ്പ് : മുഖ്യമന്ത്രിയെ കണ്ട് മേയറും സംഘവും; വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാക്കള്‍
1585289
Thursday, August 21, 2025 5:16 AM IST
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ മുഖ്യമന്ത്രിയെ കണ്ട് മേയര്‍ ഡോ.ബീനാഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം.അന്വേഷണം ആരംഭിച്ച് ഇത്രയും കാലമായിട്ടും ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
അതുകൊണ്ട് വിജിലൻസില്‍ പ്രത്യേകസംവിധാനമുണ്ടാക്കി അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ കൗണ്‍സില്‍ പാർട്ടി ലീഡർമാരുടെ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം മുഖ്യമന്ത്രിയെ കാണാന്‍ പോകുന്ന സംഘത്തില്‍ ഉണ്ടാകുമെന്നറിയിച്ചിരുന്ന യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവസാനനിമിഷം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ യാത്രറദ്ദാക്കി.വിലക്കിയതോടെ യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.സി.ശോഭിത സംഘത്തിൽ നിന്നു പിന്മാറിയതോടെയാണു മറ്റ് യുഡിഎഫ് അംഗങ്ങളും യാത്ര ഉപേക്ഷിച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ.സി. ശോഭിത രംഗത്തെത്തി.മുഖ്യമന്ത്രിയെ കാണേണ്ടെന്ന പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
അതേസമയം സംഘത്തിനൊപ്പം പോയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നുവെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഒപ്പം കോര്പറേഷന് ഭരണരംഗത്തെ വീഴ്ചകളും സംസ്ഥാനതലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. ഇതിന് സാധിക്കാത്തതില്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ട്.
മേയര്‍ ഡോ.ബീനാഫിലിപ്പിന് പുറമേ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ,നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി.കെ. നാസർ, കൗണ്‍സില്‍ പാർട്ടി ലീഡർമാരായ ഒ .സദാശിവൻ, എസ്.എം. തുഷാര എന്നിവരായിരുന്നു നിവേദന സംഘത്തിലുണ്ടായിരുന്നത്.
നികുതിവിവരങ്ങൾ സൂക്ഷിക്കുന്ന സഞ്ചയ സോഫ്റ്റ്വെയറിലെ ലോഗിൻ വിവരങ്ങളും ഡിജിറ്റൽ സിഗ്നേച്ചറും ദുരുപയോഗം ചെയ്ത് 202 കെട്ടിടങ്ങൾക്ക് വ്യാജ നമ്പർ നൽകിയതായി കോഴിക്കോട് കോര്പറേഷന് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനെതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ഉയര്‍ത്തിയത്.