വന്യജീവി അഭയ കേന്ദ്രം പെരുവണ്ണാമൂഴിയിൽ സ്ഥാപിക്കാനുള്ള നീക്കത്തിൽ പരക്കെ ആശങ്ക
1585707
Friday, August 22, 2025 5:28 AM IST
പെരുവണ്ണാമൂഴി: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് വക ഭൂമിയിൽ നിർദ്ദിഷ്ട കടുവ സഫാരി പാർക്കിന് സമീപം സ്ഥാപിക്കാൻ തീരുമാനിച്ചിരുന്ന വന്യ ജീവി അഭയ കേന്ദ്രം പെരുവണ്ണാ മൂഴിയിൽ സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ പുതിയ നീക്കത്തിൽ പരക്കെ ആശങ്ക.
ആദ്യ പ്രതിഷേധവുമായി കേരളാ കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പേരാമ്പ്ര എസ്റ്റേറ്റ് സി ഡിവിഷനിൽ വന്യ ജീവി അഭയ കേന്ദ്രം സ്ഥാപിക്കാൻ വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തിയിപ്പോൾ നിർദ്ധിഷ്ട കടുവ സഫാരി പാർക്കിന് സമീപത്ത് ഈ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമെടുത്തതാണ്.
എന്നാൽ ഇപ്പോൾ പെരുവണ്ണാമൂഴി- ചെമ്പനോട റോഡിലെ വനം വകുപ്പിന്റെ വനിതാ ബാരക്കിന് സമീപത്തേക്ക് പ്രസ്തുത അഭയ കേന്ദ്രം സ്ഥാപിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സന്ദർശം നടത്തിയിരുന്നു. ഇതാണ് മലയോര ജനതക്കിടയിൽ ആശങ്ക ഉയർത്താൻ കാരണം.
ചെമ്പനോട, പൂഴിത്തോട്, മരുതോങ്കര തുടങ്ങിയ പ്രദേശവാസികൾ പേരാമ്പ്ര, ചക്കിട്ടപാറ, കൂരാച്ചുണ്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്ക് ആശ്രയിക്കുന്ന പ്രധാന പാതയാണ് പെരുവണ്ണാമുഴി - ചെമ്പനോട റോഡ്. നിർദ്ദിഷ്ട പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് ഇതേ റൂട്ടിലാണ് മുമ്പേ പരിഗണിച്ചിരിക്കുന്നത്.
കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ തടസമാണ് ബദൽ റോഡ് പദ്ധതിക്ക് വിഘാതമായി നിൽക്കുന്നത്. വന്യ ജീവി അഭയ കേന്ദ്രം സ്ഥാപിക്കുന്നത്തോടെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണമടക്കം നിലവിൽ വരുമെന്ന് ജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. സർക്കാർ ഈ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ടു ടൈഗർ സഫാരി പാർക്കിന് സമീപം തന്നെ വന്യ ജീവി അഭയകേന്ദ്രം സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ രാജീവ് തോമസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൽസൺ തേരകം അധ്യക്ഷത വഹിച്ചു.
എം.ജെ. വർക്കി മേടപ്പള്ളി, ടോമി വള്ളിക്കാട്ടിൽ, ഷീന പ്രകാശ്, ജോസഫ് ചേന്നം പള്ളി, ജോഷി മിറ്റത്തിനാനി, ഒ.സി. ജോർജ്, ബെന്നി വടക്കേടം, ബാബു മൈലപ്പറമ്പിൽ, ബെന്നി കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, ജോബി ഒളവക്കുന്നേൽ, പ്രദീപ് തട്ടുങ്കൽ, സാബു മുളങ്ങാശേരി, ബെന്നി പെരുമ്പിൽ, ബാബു ചക്കാലയിൽ, ഷാജി തുമ്പശേരി, ജോസ് പൂകമല, ജോയിച്ചൻ പുറവക്കാട്ട്, ജോസഫ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.