മതേതര പ്രസ്ഥാനങ്ങൾ മുന്പൊന്നും ഇല്ലാത്തവിധം വെല്ലുവിളി നേരിടുന്നു: സത്യൻ മൊകേരി
1585143
Wednesday, August 20, 2025 5:42 AM IST
കോഴിക്കോട്: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ മതേതര പ്രസ്ഥാനങ്ങളും മുന്പ് ഒരിക്കലും നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് രാജ്യത്ത് മുന്നോട്ട് പോകുന്നതെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി. പി. കൃഷ്ണപ്പിള്ള ദിനാചരണത്തിന്റെ ഭാഗമായി സിപിഐ, സിപിഎം സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സർക്കാർ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് രാജ്യത്ത് ഫാസിസം നടപ്പിലാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ പാദസേവകരായ മാധ്യമ സ്ഥാപനങ്ങളൊഴികെ ബാക്കി എല്ലാ മാധ്യമ സ്ഥാപനങ്ങളും ഇന്ത്യൻ ജനാധിപത്യം അപകടത്തിലേക്കാണ് എന്ന് ചൂണ്ടിക്കാണിക്കുകയാണ്. കേന്ദ്രത്തെ വിമർശിക്കുന്ന പത്രമാധ്യമ സ്ഥാപനങ്ങളെ ഇല്ലാതാക്കിക്കൊണ്ടും നിലനിൽപ്പിന് വേണ്ടി പ്രതിരോധം സൃഷ്ടിക്കുന്നവരെ മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തിക്കൊണ്ടും മോദി സർക്കാർ രാജ്യത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ്. ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം തുടരാനും വെല്ലുവിളികൾ അതിജീവിക്കാനും കൃഷ്ണപിള്ളയുടെ സ്മരണ എക്കാലവും കരുത്തു പകരുമെന്നും സത്യൻ മൊകേരി പറഞ്ഞു.
സിപിഎം സൗത്ത് ഏരിയ സെക്രട്ടറി കെ. ബൈജു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ്, സിപിഐ സൗത്ത് മണ്ഡലം സെക്രട്ടറി പി. അസീസ് ബാബു, എൽ. രമേശൻ എന്നിവർ പ്രസംഗിച്ചു.