തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സർക്കാർ ലക്ഷ്യം: മന്ത്രി ഒ.ആർ. കേളു
1575096
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. തരുവണ ഗവ.യുപി സ്കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോർണർ, വർണക്കൂടാരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയിൽ പ്രാഥമിക വിദ്യാഭ്യാസം മുതൽ കുട്ടികളുടെ അഭിരുചിക്കനുസൃതമായ കഴിവുകളിൽ മികവ് പുലർത്താനാവശ്യമായ സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് മുഖേന ഒരുക്കുകയാണ് സർക്കാർ.
പഠനം കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാർഥികളുടെ കഴിവുകളിൽ ആത്മവിശ്വാസം വർധിപ്പിക്കുക, പഠനത്തിനും താത്പര്യങ്ങൾക്കും അനുസൃതമായി അവധിക്കാലങ്ങളിൽ പരിശീലനം നൽകുക, പാഠ്യേതര വിഷയങ്ങളിലും അധ്യാപകർക്കും ഇടയിലുള്ള അന്തരം നികത്തുക, തൊഴിൽ സംസ്കാരം വളർത്തുക, പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾ പുറം ലോകവുമായി ബന്ധിപ്പിച്ച് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, ഏത് തൊഴിലിനും ആദരവ് നൽകി വിദ്യാർഥികളെ സമർഥരും ഉത്തരവാദിത്തമുള്ളവരാക്കുക എന്നിവയാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.
പാഠ്യ വിഷയങ്ങൾക്കൊപ്പം കൃഷി, വയറിംഗ്, ഫാഷൻ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിംഗ് തുടങ്ങിയ മേഖലകൾ വിദ്യാർഥികളെ പരിചയപ്പെടുത്തി പരിശീലിപ്പിക്കുന്ന നൂതന സംവിധാനമാണ് പദ്ധതിയിലുള്ളത്.
ഒരു സ്കൂളിൽ 5.50 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. മാനന്തവാടി യുപി സ്കൂൾ, ഇരുളം ഹൈസ്കൂൾ, ചേനാട് ഹൈസ്കൂൾ, കല്ലങ്കര യുപി സ്കൂൾ, കണിയാന്പറ്റ യുപി സ്കൂൾ, പുളിയാർമല യുപി സ്കൂൾ, തലപ്പുഴ യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ ക്രിയേറ്റീവ് കോർണർ നടപ്പാക്കുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.കെ. സൽമത്ത്,
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ. ശശീന്ദ്രവ്യാസ്, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ വി. അനിൽകുമാർ, മാനന്തവാടി ബ്ലേക്ക് പ്രോജക്ട് കോഓർഡിനേറ്റർ കെ.കെ. സുരേഷ്, തരുവണ ജിഎച്ച്എസ് സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് എം. പ്രദീപ് കുമാർ, പ്രധാനാധ്യാപകൻ എം. മുസ്തഫ, തരുവണ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് എം.കെ. സൂപ്പി മൗലവി, എസ്എംസി ചെയർമാൻ നാസർ സവാൻ, കെസികെ നജ്മുദ്ദീൻ, പഞ്ചായത്തംഗങ്ങൾ, പിടിഎ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.