വയനാട് മഴ മഹോത്സവം: തൃക്കൈപ്പറ്റ ബാംബു വില്ലേജ് സ്റ്റാൾ ഒരുക്കും
1575105
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: വയനാട് ടൂറിസം ഓർഗനൈസേഷൻ ഇന്നും നാളെയും ബത്തേരി സപ്ത റിസോർട്ടിൽ നടത്തുന്ന 12-ാമത് മഴ മഹോത്സവത്തിൽ തൃക്കൈപ്പറ്റ ബാംബു വില്ലേജിന്റെ സ്റ്റാൾ പ്രവർത്തിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ, ഏഴാംചിറ(ഒന്ന്, രണ്ട് വാർഡുകൾ)പ്രദേശങ്ങൾ ഉൾപ്പെടുന്ന ബാംബു വില്ലേജിൽ പ്രവർത്തിക്കുന്ന ഭവം, സുഷി ആർട് ആൻഡ് ക്രാഫ്റ്റ്, പച്ച ലൈഫ്, ഉറവ് ഇക്കോ ലിങ്ക്സ്, പ്രസീതം ആർട് ആൻഡ് ക്രാഫ്റ്റ്, പൈതൃകഗ്രാമം ഹാൻഡി ക്രാഫ്റ്റ്സ്, വയനാട് ആർട് ക്ലൗഡ്, വയനാട് ബീ കീപ്പേഴ്സ് തുടങ്ങി 20ൽ അധികം സ്വയം സഹായ സംഘങ്ങളുടെ ഉത്പന്നങ്ങൾ സ്റ്റാളിൽ ഉണ്ടാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 576 ബയേഴ്സ് പങ്കെടുക്കുന്നതാണ് മഴ മഹോത്സവത്തിന്റെ ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റ്. ബയേഴ്സിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ബാംബു വില്ലേജിൽ തയാറാക്കിയ ഫർണിച്ചർ, പെയിന്റിംഗുകൾ, പേന, ലാംപ്ഷേഡ്, മ്യൂറൽ പെയിന്റിംഗുകൾ തുടങ്ങിയവ സ്റ്റാളിൽ പ്രദർശിപ്പിക്കും. തേനീച്ച വളർത്തൽ, ബാംബു ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശന വസ്തുക്കളും സ്റ്റാളിൽ ഉണ്ടാകുമെന്ന് ബാംബു വില്ലേജ് പ്രവർത്തകരായ ടി. ശിവരാജ്, എം. ബാബുരാജ്, കെ.പി. ദീപ, കെ. കോറിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബാംബു വില്ലേജിലെ വിവിധ യൂണിറ്റുകളിൽ കരകൗശല വിദഗ്ധരടക്കം 200ൽപരം ആളുകളാണ് സുസ്ഥിര വികസനം മുൻനിർത്തി പ്രവർത്തിക്കുന്നത്. സുസ്ഥിര ടൂറിസം വികസനവും ബാംബു വില്ലേജിന്റെ കർമ പദ്ധതിയുടെ ഭാഗമാണ്. 14 വർഷമായി തൃക്കൈപ്പറ്റയിൽ കഴിയുന്ന സ്വിറ്റ്സർലൻഡിലിൽനിന്നുള്ള വനിത കെ. കോറിനാണ് സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ചുമതല. പ്രകൃതി സൗഹൃദ ടൂറിസം പരിപാടികളാണ് ബാംബു വില്ലേജിൽ നടപ്പാക്കുന്നത്.
മുള അധിഷ്ഠിത ഉത്പന്ന നിർമാണത്തിൽ പ്രസിദ്ധമാണ് ബാംബു വില്ലേജിലെ ഉറവും ഉറവ് ഇക്കോ ലിങ്ക്സും. വില്ലേജിന്റെ ഭാഗമായ വേൾഡ് ഓഫ് ബാംബു 100ൽപരം ഇനം മുളകൾ പരിപാലിക്കുന്നുണ്ട്. 17 ഇനം മുളകളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനവും വിവിധ പ്രദേശങ്ങളിൽ നടത്തുന്നുണ്ട്. 2024ലെ പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരിൽ 250 ഓളം കുടുംബങ്ങൾക്ക് വിവിധ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ തൃക്കൈപ്പറ്റയിലും സമീപങ്ങളിലും ഭവന നിർമാണം നടന്നുവരിയാണ്.
ഉരുൾ ദുരന്തബാധിത പ്രദേശങ്ങളിൽനിന്നു പുതിയ പ്രതീക്ഷകളുമായി തൃക്കൈപ്പറ്റയിൽ എത്തുന്ന കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ ബാംബു വില്ലേജിന് നേതൃത്വം നൽകുന്നവർ ആസൂത്രണം ചെയ്തു വരികയാണ്. തൃക്കൈപ്പറ്റയിലും പരിസരങ്ങളിലും പുനരധിവസിപ്പിക്കുന്നതിൽ താത്പര്യമുള്ള കുടുംബങ്ങളെ ബാംബു വില്ലേജിന്റെ ഭാഗമാക്കും.