ലോക പഞ്ചഗുസ്തി ചാന്പ്യൻഷിപ്പ്: വയനാടൻ താരങ്ങളുടെ യാത്ര അനിശ്ചിതത്വത്തിൽ
1574834
Friday, July 11, 2025 6:00 AM IST
കൽപ്പറ്റ: സെപ്റ്റംബർ 11 മുതൽ 23 വരെ ബൾഗേറിയയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിൽ വയനാട്ടിൽനിന്നുള്ള താരങ്ങൾ..
ജില്ലയിൽനിന്നുള്ള അമൽ ജോണ്സണ്, എം.വി. നവീൻ, ഋതുനന്ദ സുരേഷ്, എലെയ്ൻ ആൻ നവീൻ, സുദർശന രാജൻ, ജോസ് വിൽസണ്‍, എ.സി. വിധുൽ, അഭിനവ് മഹാദേവ്, എം.ആർ. മുഹമ്മദ് റിഷാൻ, നവീൻ പോൾ, വി.ജെ. രാജു, ടി.പി. തോമസ്, അഷിൻ സലിൻ തോമസ് എന്നിങ്ങനെ 13 പേർ ദേശീയ ടീമിൽ ഇടം കണ്ടെത്തിയെങ്കിലും ലോക ചാന്പ്യൻഷിപ്പിൽ ഒരുകൈ നോക്കാൻ കഴിയുമോ എന്ന സംശയത്തിലാണ്. സാന്പത്തിക പ്രശ്നമാണ് ഇവർക്കു മുന്നിലെ മുഖ്യ പ്രതിസന്ധി.
ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത് തിരികെ എത്തുന്നതിന് ഒരു താരത്തിന് ഏകദേശം മൂന്നു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ തുക ഓരോ താരവും സ്വയം വഹിക്കേണ്ട സ്ഥിതിയാണുള്ളത്. മെച്ചപ്പെട്ട സാന്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലെ അംഗങ്ങളല്ല താരങ്ങളിൽ പലരും.
ലോക ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്േറതടക്കം സാന്പത്തിക സഹായമില്ല. പഞ്ചഗുസ്തി അസോസിയേഷനും നിസഹായാസ്ഥയിലാണ്.
ജൂണ്‍ 27 മുതൽ ജൂലൈ രണ്ടു വരെ തൃശൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാന്പ്യൻഷിപ്പിലെ മികച്ച പ്രകടനമാണ് വയനാട്ടിൽനിന്നുള്ള താരങ്ങൾക്ക് ലോക ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നതിന് അവസരം ഒരുക്കിയത്.
ദേശീയ ചാന്പ്യൻഷിപ്പിൽ ജില്ലയിൽനിന്നുള്ള താരങ്ങൾ ഒന്‍പത് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു.