പണിമുടക്കിൽ അണിചേർന്ന് വയനാട്
1574569
Thursday, July 10, 2025 5:51 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമര സമിതി ദേശവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ അണിചേർന്ന് വയനാട്. പണിമുടക്ക് ജില്ലയിൽ പൂർണമായിരുന്നു. സംയുക്ത സമര സമിതി പ്രവർത്തകർ അങ്ങിങ്ങ് വാഹനങ്ങൾ കുറച്ചുനേരം തടഞ്ഞിട്ടതൊഴിച്ചാൽ ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങൾ ഇല്ല.
കെഎസ്ആർടിസിയുടേതടക്കം ബസുകൾ ജില്ലയിൽ സർവീസ് നടത്തിയല്ല. വിദൂരസ്ഥലങ്ങളിൽനിന്നു ചൊവ്വാഴ്ച രാത്രി പുറപ്പെട്ട് ഇന്നല പകൽ ജില്ലയിലെത്തിയ ബസുകളാണ് സമരാനുകൂലികൾ തടഞ്ഞത്. കോട്ടയത്തുനിന്നു മാനന്തവാടിക്കുള്ള കെഎസ്ആർടിസി ബസ് കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം റോഡിൽ അര മണിക്കൂറിലേറെ തടഞ്ഞിട്ടു. കാറും ബൈക്കും ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾ തടസമില്ലാതെ ഓടി. ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ പൊതുവെ ശൂന്യമായിരുന്നു. നാമമാത്ര ഓട്ടോറിക്ഷകളാണ് നിരത്തിൽ ഇറങ്ങിയത്.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി ഉൾപ്പെടെ പ്രധാന ടൗണുകളിൽ ഹർത്താൽ പ്രതീതിയായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ പതിവുപോലെ പ്രവർത്തിച്ചു. ടൗണുകളിൽ ചില ഭാഗങ്ങളിൽ ചായ-കുമ്മട്ടി പീടികകൾ തുറന്നു. ഇത് ആളുകൾക്ക് നേരിയ ആശ്വാസമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് ഉണ്ടായിരുന്നില്ല. കളക്ടറേറ്റ് അടക്കം സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.
പണിമുടക്കിനോടനുബന്ധിച്ച് അധ്യാപക-സർവീസ് സംഘടനാ സമരസമിതിയും ആക്ഷൻ കൗണ്സിലും സിവിൽ സ്റ്റേഷൻ വളപ്പിൽ പ്രകടനവും ടൗണിൽ പൊതുയോഗവും നടത്തി. സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽ മോൻ അധ്യക്ഷത വഹിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ. രാജേഷ്, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനീഷ്, ജോയിന്റ് കൗണ്സിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.
വൈത്തിരി: സംയുക്ത ട്രേഡ് യൂണിയൻ വൈത്തിരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടയിൽ പണിമുടക്ക് റാലിയുംപോസ്റ്റ് ഓഫീസ് ഉപരോധവും സംഘടിപ്പിച്ചു. ഉപരോധ സമരം സിഐടിയു ഏരിയ കമ്മിറ്റി സെക്രട്ടറി എം. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാർ അധ്യക്ഷത വഹിച്ചു. കെ. പ്രസാദ്, എൻ.ഒ. ദേവസ്യ, എം.വി. ബാബു, എസ്. രവി, എൽസി ജോർജ്, ഷൈജു, എം. പ്രസാദ്, മനോജ്, ടി.പി. സബിത, സബിത ശേഖരൻ, പി.കെ. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അവകാശങ്ങൾ അട്ടിമറിക്കുന്നെന്ന്
കൽപ്പറ്റ: വലിയ പ്രക്ഷോഭങ്ങളിലൂടെയും അനവധി ജീവത്യാഗങ്ങളിലൂടെയും തൊഴിലാളികൾ നേടിയെടുത്ത അടിസ്ഥാന അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുകയാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി. ദേശീയ പണിമുടക്കിന്റെ ഭാഗമായി നഗരത്തിൽ യുഡിടിഎഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപറേറ്റുകളെയും കുത്തക മാനേജ്മെന്റുകളെയും പ്രീണിപ്പിക്കാനുള്ള തൊഴിൽ നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ലേബർ കോഡുകൾ തൊഴിൽ നിഷേധത്തിനും അരാജകത്വത്തിനും ഇടയാക്കുകയാണ്. തൊഴിലാളികളുടെ ജോലി സമയവും അധ്വാനഭാരവും വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ആലി പറഞ്ഞു.
എസ്ടിയു നേതാവ് പോക്കർ കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സി. മൊയ്തീൻകുട്ടി, സി. ജയപ്രസാദ്, കെ.കെ. രാജേന്ദ്രൻ, അബു ഗുഡലായി, നജീബ് പിണങ്ങോട്, ഹർഷൽ കോന്നാടൻ, എസ്. മണി, എം.പി. ബാപ്പു, ബിന്ദു ജോസ്, കെ. ശശികുമാർ, സുനീർ ഇത്തിക്കൽ, മുഹമ്മദ് ഫെബിൻ, മാടായി ലത്തീഫ്, രമേശ് മാണിക്യൻ, അസീസ് കുരുവിൽ, ജലീൽ ഗൂഡലായി എന്നിവർ പ്രസംഗിച്ചു.
തൊഴിലാളികളെ അഭിനന്ദിച്ചു
കൽപ്പറ്റ: ദേശീയ പണിമുടക്കിൽ പങ്കാളികളായ തൊഴിലാളികളെയും സഹകരിച്ച പൊതുജനങ്ങളെയും ടിയുസിഐ സംസ്ഥാന പ്രസിഡന്റ് സാം പി. മാത്യു, സെക്രട്ടറി എം.വി. ചന്ദ്രൻ എന്നിവർ അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമ നിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരായ പ്രതിഷേധം പണിമുടക്കിൽ അലയടിച്ചതായി അവർ പറഞ്ഞു.