പഞ്ചായത്തീരാജ് സംവിധാനത്തെ ഇടതു സർക്കാർ തകർക്കുന്നു: എൻ.ഡി. അപ്പച്ചൻ
1574840
Friday, July 11, 2025 6:00 AM IST
വടുവൻചാൽ: കേരളത്തിൽ പഞ്ചായത്തീരാജ് സംവിധാനത്തെ തകർക്കുന്ന നടപടികളാണ് ഇടതുസർക്കാർ സ്വീകരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
മൂപ്പൈനാട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധി ഗ്രാമസ്വരാജ് വികസന സെമിനാർ(മിഷൻ 2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുകയും യഥാസമയം നൽകാതിരിക്കുകയും ചെയ്യുന്നത് പഞ്ചായത്തീരാജ് സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
ലൈഫ് ഭവനപദ്ധതി ജനറൽ വിഭാഗത്തിലെ ഒരാൾക്കുപോലും സഹായധനം ലഭിക്കാത്ത വിധത്തിൽ അട്ടിമറിക്കുകയാണ്. ജില്ലയിൽ ആരോഗ്യമേഖലയിൽ പുരോഗതിയുമുണ്ടാക്കാൻ പിണറായി സർക്കാരിന് സാധിച്ചില്ല. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളജ് പദ്ധതി ഇടതു സർക്കാർ അട്ടിമറിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നില്ല. അത്യാസന്ന നിലയിലുള്ള രോഗികളുമായി ചുരമിറങ്ങേണ്ട ഗതികേടിലാണ് ഇപ്പോഴും വയനാടൻ ജനത. ജില്ലയ്ക്ക് ഏഴായിരം കോടി രൂപയുടെ പാക്കേജ് വർഷങ്ങൾ മുന്പ് പ്രഖ്യാപിച്ചെങ്കിലും നാമമാത്ര തുകയാണ് ഇതിനകം അനുവദിച്ചത്.
കാർഷികമേഖല പ്രതിസന്ധിയിലാണ്. ജപ്തി നടപടികൾ തുടർക്കഥയാവുന്പോഴും സർക്കാർ നിസംഗതയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ പ്രയാസത്തിലാക്കുന്പോൾ വിപണിയിൽ വേണ്ടവിധം ഇടപെടാൻ സർക്കാർ തയാറാകുന്നില്ല. ജനകീയ പ്രശ്നങ്ങൾ ഉയർത്തി അതിശക്തമായ സമരത്തിന് കോണ്ഗ്രസും യുഡിഎഫും നേതൃത്വം നൽകുമെന്നും അപ്പച്ചൻ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി അംഗം പി.പി. ആലി, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ജി. ബിജു, ബിനു തോമസ്, എൻ. സി. കൃഷ്ണകുമാർ, ബി. സുരേഷ്ബാബു, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, ജോസ് കണ്ടത്തിൽ, ബാലൻ, ആർ. യമുന, ദീപ ശശികുമാർ, അജിത ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.