കൃഷി നാശത്തിന് നഷ്ടപരിഹാരം: നിവേദനം നൽകി
1574843
Friday, July 11, 2025 6:03 AM IST
കൽപ്പറ്റ: ശക്തമായ കാറ്റിലും മഴയിലും ജില്ലയിലുണ്ടായ കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി അനുവദിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൾ അസീസ് മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
മഴയിൽ കാർഷിക മേഖലയിൽ വലിയ നഷ്ടമാണുണ്ടായത്. ഇത് കർഷകരെ കൂടുതൽ പ്രയാസത്തിലാക്കി. മെയ് അവസാനവാരം മുതൽ ജൂലൈ ആദ്യവാരം വരെ കാലവർഷത്തിൽ ജില്ലയിലെ 4,234 കർഷകരുടെ 477 ഹെക്ടറിലെ വിള നശിച്ചതായാണ് പ്രാഥമിക കണക്ക്. വാഴ, നെല്ല് കൃഷികൾക്കാണ് കൂടുതൽ നാശനാശം.
388 കർഷകരുടേതായി 138 ഹെക്ടറിൽ നെൽക്കൃഷി നശിച്ചു. 3,051 കർഷകരുടെ 309 ഹെക്ടർ സ്ഥലത്തെ 7,71,992 കുലച്ചതും കുലക്കാറായതുമായ വാഴ കാറ്റിൽ നിലംപൊത്തി. പച്ചക്കറി, ഇഞ്ചി, മരച്ചീനി, നാണ്യവിളകൾ ഉൾപ്പെടെ കൃഷികളെയും കാറ്റും മഴയും ബാധിച്ചു. 47.46 കോടി രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയിൽ കണക്കാക്കുന്നത്. കാർഷിക മേഖലയിലെ നാശത്തിന് നഷ്ടപരിഹാരം നൽകാൻ പ്രത്യേകം ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.