വന്യമൃഗശല്യം അതിരൂക്ഷം
1574833
Friday, July 11, 2025 6:00 AM IST
ഗൂഡല്ലൂർ: നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്യമൃഗശല്യം അതിരൂക്ഷമായി. ആന, പുലി, കരടി, പോത്ത് തുടങ്ങിയ ഇനം വന്യമൃഗങ്ങൾ പകൽപോലും ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.
നെല്ലാക്കോട്ട പഞ്ചായത്തിലെ ബിദർക്കാട്, പാട്ടവയൽ, നെല്ലാക്കോട്ട മേഖലകളിൽ കാട്ടാനകൾ വൻ കൃഷിനാശമാണ് വരുത്തുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളിൽ എത്തുന്ന ആനകൾ നേരം പുലർന്നശേഷമാണ് മടങ്ങുന്നത്.
മഞ്ചൂർ, കുന്നൂർ മേഖലകളിൾ കരടി, പോത്ത്, പുലി ശല്യം രൂക്ഷമാണ്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം ദേവർഷോലയിൽ ജനവാസകേന്ദ്രത്തിലെത്തിയ കടുവകൾ വീടുകളിൽ കയറി നാശം വരുത്തി.
ഓവാലി പഞ്ചായത്തിലെ ബാർവുഡിൽ കാട്ടുകൊന്പൻ മോസ്കിനു കേടുവരുത്തിയതും അടുത്തിടെയാണ്. ആനകളെ ഉൾക്കാട്ടിലേക്കു തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
മൂടക്കൊല്ലിയിൽ കാട്ടാനകളെ തുരത്താൻ നീക്കം തുടങ്ങി
സുൽത്താൻ ബത്തേരി: മൂടക്കൊല്ലിയിൽ ഭീതിപരത്തുന്ന രണ്ട് കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനസേന നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പ്രമുഖ എന്ന കുംകിയാനയെ മൂടക്കൊല്ലിയിൽ എത്തിച്ചു. കുംകിയാന ഭരതിനെയും മൂടക്കൊല്ലിയിൽ കൊണ്ടുവരുമെന്നാണ് വിവരം.
ആഴ്ചകളായി മൂടക്കൊല്ലിയിലും സമീപങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്. ചൊവ്വാഴ്ച രാത്രി ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ഓട്ടോറിക്ഷ കുത്തിമറിക്കുകയും പ്രദേശവാസി അഭിലാഷിനെ ആക്രമിക്കുകയും ചെയ്തിരുന്നു.
വിവരം അറിഞ്ഞ സ്ഥലത്ത് എത്തിയ വനസേനാംഗങ്ങളെ വളഞ്ഞുവച്ച പ്രദേശവാസികൾ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിച്ചത്.
മൂടക്കൊല്ലിയിലെ കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ദിവസങ്ങൾ മുന്പ് ബിജെപി പ്രവർത്തകർ ബത്തേരിയിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിനു മുന്പിൽ സമരം നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആനകളെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് മൂടക്കൊല്ലി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാന സാന്നിധ്യം വർധിക്കുകയാണ്. വൈത്തിരി താലൂക്കിലെ തളിമലയിൽ കഴിഞ്ഞദിവസം കുട്ടിയടക്കം അഞ്ച് ആനകൾ അടങ്ങിയ കൂട്ടം ഇറങ്ങി. വനം ദ്രുത പ്രതികരണ സേന പാടുപെട്ടാണ് ഇവയെ കാടുകയറ്റിയത്.
സുൽത്താൻ ബത്തേരി താലൂക്കിലെ ചീരാലിലും സമീപങ്ങളിലും പുലിശല്യം തുടരുകയാണ്. ബുധനാഴ്ച രാത്രി ചീരാലിനടുത്ത് കരിങ്കാളിക്കുന്ന് ഉന്നതിയിൽ ഇറങ്ങിയ പുലി നായയെ കൊന്നു. ഉന്നതയിലെ നാരായണിയുടെ നായയാണ് ചത്തത്. ദിവസങ്ങൾ മുന്പാണ് ചീരാലിനടുത്തുനിന്ന് ഒരു പുലിയെ കൂടുവച്ച് പിടിച്ചത്.
വനത്തിൽ ഭക്ഷണ ലഭ്യത ഉറപ്പുവരുത്തണം
ജില്ലയിലെ വനപ്രദേശങ്ങളിൽ കാട്ടാനകൾക്ക് ആവശ്യമായ ഭക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ ഉയരുന്നുണ്ട്. ആഹാരം തേടിയാണ് ആനകൾ കാടിറങ്ങുന്നത്. വനത്തിൽ ഭക്ഷണം സുലഭമായിരുന്ന കാലത്ത് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം അത്യപൂർവമായിരുന്നു.
വനത്തിൽ മുളങ്കൂട്ടങ്ങൾ വ്യാപകമായി നശിച്ചതും അടിക്കാടുകളിൽ വിഷച്ചെടികൾ തഴച്ചുവളർന്നതുമാണ് കാട്ടാനകൾക്ക് ഭക്ഷണലഭ്യത കുറച്ചത്. വനസംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന പണം പ്രധാനമായും കെട്ടിടങ്ങൾ പണിയുന്നതിനും മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് വനം വകുപ്പ് വിനിയോഗിക്കുന്നത്.
പറുദീസക്കവലയിൽ ചെന്നായ് ശല്യം; പൂച്ചയെ കൊന്നു
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ട് പറുദീസക്കവലയിൽ ചെന്നായ് ശല്യം. ഇന്നലെ രാവിലെ ഒന്പതോടെ ജനവാസകേന്ദ്രത്തിലെത്തിയ നാല് ചെന്നായ്ക്കൾ പൂച്ചയെ കൊന്നു.
ഇളയച്ചിലാൽ ടോമിയുടെ എട്ട് മാസം പ്രായമുള്ള പേർഷ്യൻ ക്യാറ്റിനെയാണ് കൊന്നത്. ടോമി 16,000 രൂപയ്ക്ക് വാങ്ങിയതാണ് പൂച്ച. രാവിലെ വീടിനു പുറത്തുവിട്ട പൂച്ചയെ കാർപോർച്ചിലാണ് ചെന്നായ്ക്കൾ ആക്രമിച്ചത്. ബഹളംകേട്ടെത്തിയ വീട്ടുകാർ ഒച്ചയിട്ടപ്പോൾ ചെന്നായ്ക്കൂട്ടം പൂച്ചയുടെ ജഡം ഉപേക്ഷിച്ച് കടന്നു.
ഒരു മണിക്കൂറിനുശേഷം വീട്ടുവളപ്പിൽ തിരിച്ചെത്തിയ ചെന്നായകളെ വീട്ടുകാർ ഒച്ചയിട്ടാണ് തുരത്തിയത്. വനം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സമീപപ്രദേശമായ ഐശ്വര്യക്കവലയിൽ രണ്ടാഴ്ച മുന്പ് കുറുപ്പംചേരി ഷാജുവിന്റെ വീട്ടുമുറ്റത്ത് കൂട്ടിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ ചെന്നായ്ക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.
പുതിയ കടുവ സംരക്ഷണ പദ്ധതി ഉപേക്ഷിക്കണം: കെ.ജെ. ദേവസ്യ
കൽപ്പറ്റ: കേന്ദ്ര സർക്കാർ പുതുതായി നടപ്പാക്കാൻ ആലോചിക്കുന്ന കടുവ സംരക്ഷണ പദ്ധതിജനദ്രോഹകരമായതിനാൽ ഉപേക്ഷിക്കണമെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജെ. ദേവസ്യ ആവശ്യപ്പെട്ടു. ദേശീയ കടുവ സംരക്ഷണ അഥോറിറ്റി ദീർഘകാലമായി ശ്രമിച്ചുവരികയാണ്.
വനത്തിൽ കടുവകൾ പെരുകുന്ന സാഹചര്യത്തിൽ ജനജീവിത സംരക്ഷണ കേന്ദ്രങ്ങളാണ് ഉണ്ടാകേണ്ടത്. ദേശീയ വരുമാനത്തിന്റെ വലിയ ഓഹരി വനം-വന്യജീവി സംരക്ഷണത്തിന് ചെലവഴിച്ചതായാണ് രേഖകളിൽ കാണുന്നത്. എന്നാൽ തുകയിൽ അധികവും ചില ലോബികളുടെ കൈകളിലാണ് എത്തുന്നത്.
കേന്ദ്ര സർക്കാർ പ്രാവർത്തികമാക്കാൻ കോപ്പുകൂട്ടുന്ന കടുവ സംരക്ഷണ പദ്ധതി മനുഷ്യക്കുരുതിക്കു കാരണമാകും. ആളുകളെ കുടിയൊഴിയാൻ നിർബന്ധിതരാക്കും. പദ്ധതിക്കെതിരായ ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.