ആനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്; വനം വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന്
1574570
Thursday, July 10, 2025 5:51 AM IST
സുൽത്താൻ ബത്തേരി: ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിന് നേരെ കാട്ടാന ആക്രമണം. മൂടക്കൊല്ലി മുക്തിമല നാരായണന്റെ മകൻ അഭിലാഷ് (37) നെയാണ് ആക്രമിച്ചത്. നിസാരപരിക്കുകളോടെ ആനയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഒന്പതോടെ വീടിന് സമീപത്താണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം വാഹനത്തിൽ മൂടക്കൊല്ലിൽ എത്തി ലക്ഷം കോളനി റോഡിലൂടെ വീട്ടിലേയ്ക്ക് നടന്നുപോകുന്പോഴാണ് ജംഗ്ഷനിൽ നിന്ന് കാട്ടുകൊന്പൻ പാഞ്ഞടുത്തത്. ആനവരുന്നത് കണ്ട് സമീപത്തെ വേലി ചാടിക്കടക്കുന്നതിനിടെ വീണു. ഓടിയെത്തിയ ആന അഭിലാഷിനെ രണ്ട് പ്രാവശ്യം കുത്തിയെങ്കിലും മരത്തിലും മണ്ണിലുമാണ് കൊണ്ടത്. ഇവിടെ നിന്ന് ഓടിയ അഭിലാഷ് കുന്നേക്കാട് മുരളിയുടെ വീട്ടിൽ അഭയം തേടി.
കൈ, കാൽമുട്ട്, അരക്കെട്ട് ഉൾപ്പെടെ ശരീരഭാഗങ്ങളിൽ പരിക്കേറ്റ അഭിലാഷിനെ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന പിറകെ വന്നങ്കിലും വീടിനകത്ത് കയറിയതിനാൽ ആന പിൻതിരിഞ്ഞു. സമീപത്തെ മൂടക്കൊല്ലിയിലെ നെടിയാങ്കൽ ബിനുവിന്റെ ഓട്ടേറിക്ഷ ആന കുത്തിമറിഞ്ഞു. വാഹനത്തിൻറെ പിൻവശം നിശേഷം തകർന്നു.
സംഭവം നടന്നയുടൻ വനപാലകരെ വിവരം അറിയിച്ചങ്കിലും വനം വകുപ്പ് അധികൃതർ ഏറെ വൈകിയാണ് ആശുപത്രിയിലെത്തിയത്. അഭിലാഷിനെ വനം വകുപ്പ് അധികൃതർ അവഗണിച്ചെന്ന് വീട്ടുകാരും ബന്ധുക്കളും ആരോപിച്ചു.
ശാരീരികമായ ഏറെ ബുദ്ധിമുട്ട് ഉണ്ടായിട്ടും രാത്രിതന്നെ നിർബന്ധിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നെന്ന് അഭിലാഷ് പറഞ്ഞു. വീട്ടിലെത്തിയ അഭിലാഷിന് ദേഹമാസകലം വേദന കലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
മൂടക്കൊല്ലി, വാകേരി മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമാണ്. ഇതിന് പരിഹാരം കാണുന്നതിനായി വനം വകുപ്പ് മേഖലയിൽ റെയിൽ വേലി സ്ഥാപിച്ചെങ്കിലും നിർമാണത്തിലെ അപാകത കാരണം പലയിടത്തും വേലി തകർന്നു. ഇതുവഴിയാണ് കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്.
മൂടക്കൊല്ലിയിലെ ക്ഷീരകർഷകനായ അജീഷിനെ കടുവ കൊന്ന് ഭക്ഷിച്ചപ്പോൾ മേഖലയിൽ വന്യമൃഗ പ്രതിശോധത്തിനായി പല പദ്ധതികളും നടപ്പാക്കുമെന്ന് വനം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും പലതും വെളിച്ചംകണ്ടില്ല. വാകേരി, മൂടക്കൊല്ലി, രണ്ടാം നന്പർ, അബ്ബാസ്കൊല്ലി, ചെന്പുംകൊല്ലി, പഴുപ്പത്തൂർ തുടങ്ങി പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളത്.
സംഭവം അറിഞ്ഞ് ഇന്നലെ രാവിലെ മൂടക്കൊല്ലിയിൽ എത്തിയ വനം ഉദ്യോസ്ഥരെ ബിജെപി പ്രവർത്തകർ കുറച്ചുനേരം വളഞ്ഞുവച്ചു. അഭിലാഷിന് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുക, ഓട്ടോ ഉടമയ്ക്ക് നഷ്ടപരിഹാരം വേഗം അനുവദിക്കുക, പ്രദേശത്ത് നിരന്തരം ശല്യം ചെയ്യുന്ന ആനകളെ കുംകികളെ ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി പ്രവർത്തകരുടെ ഇടപെടൽ.
ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സ്ഥലത്ത് എത്തി ബിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഓട്ടോ ഉടമയ്ക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം ലഭ്യമാക്കുമെന്നതടക്കം ഉറപ്പുകൾ റേഞ്ച് ഓഫീസർ നൽകി.
അവഗണിച്ചു എന്നത് അടിസ്ഥാനരഹിതം: വനപാലകർ
സുൽത്താൻ ബത്തേരി: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അഭിലാഷിനെ വനപാലകർ അവഗണിച്ചെന്ന അരോപണം അടിസ്ഥാന രഹിതമാണെന്ന് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ. ആനയുടെ അക്രമണം നടന്ന വിവരം അറിഞ്ഞയുടൻ മേഖലയിലേക്ക് വനപാലകർ പോയിരുന്നു.
അവിടെ എത്തിയപ്പോഴേക്കും അഭിലാഷിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആന പരിസരത്ത് തന്നെ നിലയുറപ്പിച്ചിരുന്നതിനാൽ അതിനെ ഓടിക്കുന്നതിനായി വനപാലകരിൽ കുറച്ചുപേർ ആന നിലയുറപ്പിച്ച ഭാഗത്തേയ്ക്ക് നീങ്ങുകയും മറ്റുള്ളവർ അശുപത്രിയിലേക്ക് എത്തുകയുമായിരുന്നുവെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.