പുഞ്ചിരിമട്ടം ഉരുൾദുരന്ത ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങൾക്ക് ഡാറ്റാ എന്റോൾമെന്റ് ക്യാന്പ്
1574576
Thursday, July 10, 2025 5:51 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ കുടുംബങ്ങൾക്കായി ജില്ലാഭരണകൂടം ഡാറ്റാ എന്റോൾമെന്റ് ക്യാന്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കൾക്കായി സർക്കാർ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട എ, രണ്ടാംഘട്ട ബി പട്ടികകളിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത്. ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ വിഭാഗം, ഐടി മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തുന്നത്.
കളക്ടറേറ്റിലെ ആസൂത്രണഭവൻ എ.പി.ജെ. ഹാളിൽ 11 മുതൽ 13 വരെയാണ് ക്യാന്പ്. രാവിലെ 10 മുതൽ ക്യാന്പ് ആരംഭിക്കും. ഒരു കുടുംബത്തിന് ഒരു കാർഡാണ് നൽകുക. അർഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തും. നിലവിൽ റേഷൻ കാർഡ്, ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയ്ക്കായി നൽകിയ സത്യവാങ്മൂലം എന്നിവ അടിസ്ഥാനമാക്കിയാണ് കുടുംബാംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
ക്യാന്പിൽ പങ്കെടുക്കുന്നവർ റേഷൻആധാർ കാർഡ്, തെരഞ്ഞൈടുപ്പ് ഐഡി കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഭിന്ന ശേഷിക്കാരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിൽ ഉൾപ്പെടാത്തവർ കുടുംബവുമായി ബന്ധം തെളിയിക്കുന്ന മാരേജ് സർട്ടിഫിക്കറ്റ്, നവജാത ശിശുക്കളാണെങ്കിൽ ജനന സർട്ടിഫിക്കറ്റ്, മാരക അസുഖങ്ങൾ ഉള്ളവരാണെങ്കിൽ ബന്ധപ്പെട്ട രേഖകളുടെ അസലോ പകർപ്പോ എന്നിവ കൊണ്ടുവരണം.
കുടുംബത്തിലെ മുഴുവനാളുകളും ക്യാന്പിൽ വരണമെന്നില്ല. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും നേരിട്ട് ക്യാന്പിലെത്താൻ ബുദ്ധിമുട്ടാണെങ്കിൽ ക്യാന്പിൽ വരുന്ന മറ്റു കുടുംബാംഗങ്ങൾ അവരുടെ വിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം.
ക്യാന്പിൽ പങ്കെടുക്കാൻ ഗുണഭോക്താക്കൾക്ക് സമയക്രമം നൽകും. സമയക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ബോർഡിലും www.wayanad.gov.in വെബ്സൈറ്റിലും ലഭ്യമാണ്. ഗുണഭോക്താക്കൾക്ക് അനുവദിച്ച സമയത്ത് ക്യാന്പിലെത്തി ഡാറ്റാ എന്േറാൾമെന്റ് പൂർത്തിയാക്കണം. ക്യാന്പിൽ പങ്കെടുക്കുന്നവർ കുടുംബാംഗങ്ങളുടെ കൃത്യമായി വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.
ഫോം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലും അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. ഫോം പൂരിപ്പിച്ച് ക്യാന്പിൽ പങ്കെടുക്കണം. സർക്കാർ അംഗീകാരത്തിനായി അപ്പീൽ അപേക്ഷ നൽകിയവരുടെ പട്ടിക തയാറാകുന്ന മുറയ്ക്ക് രണ്ടാംഘട്ടമായി കാർഡ് വിതരണത്തിന് ഡാറ്റാ എന്േറാൾമെന്റ് ക്യാന്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഫോണ്‍: 04936 202251.