പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴിയടച്ച് പോലീസ്
1574573
Thursday, July 10, 2025 5:51 AM IST
സുൽത്താൻ ബത്തേരി: പണിമുടക്ക് ദിനത്തിൽ റോഡിലെ കുഴിയടച്ച് പോലീസ്. റഹീം മൊമ്മോറിയൽ റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന അസംപ്ഷൻ ജംഗ്ഷൻ ഭാഗത്താണ് വലിയ കുഴിരൂപപ്പെട്ടിരുന്നു. ഈ കുഴിയാണ് പണിമുടക്ക് ദിനത്തിൽ പോലീസ് അടച്ചത്.
ഏറെ തിരക്കുള്ള ഭാഗത്ത് ഇരുചക്ര വാഹനങ്ങളും കാറുകളും കുഴിയിൽവീഴുന്നതും പതിവായിരുന്നു. മഴവെള്ളംനിറഞ്ഞുകിടക്കുന്ന സമയത്ത് ഇത് ശ്രദ്ധയിൽപ്പെടാതെ എത്തുന്നവരാണ് കുഴിയിൽവീണിരുന്നത്. കാൽനടയാത്രക്കാരും കുഴിൽ വീഴുന്നത് നിത്യസംഭവമായിരുന്നു.
പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുൽത്താൻ ബത്തേരി ട്രാഫിക് പോലീസ് ഇടപെട്ട് കുഴിയടച്ചത്.
ഡബ്ല്യുഎംഒ ലിങ്ക് റോഡിലെ അപകട കെണിയായ കുഴിയും പോലീസ് താത്കാലികമായി അടച്ചു. സമാനമായ രീതിയിൽ ടൗണിലെ വിവിധ ലിങ്ക് റോഡുകളിൽ ഇത്തരത്തിൽ അപകടഭീഷണി ഉയർത്തുന്ന കുഴികളുണ്ട്. ഇതെല്ലാം അടച്ച് ഗതഗാതം സുഖമമാക്കണമെന്ന ആവശ്യമാണുയരുന്നത്.