കാട്ടുകൊന്പനെ തുരത്താൻ രണ്ടാമത്തെ കുംകിയും എത്തി
1575101
Saturday, July 12, 2025 5:41 AM IST
സുൽത്താൻ ബത്തേരി: വാകേരി മൂടകൊല്ലി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുകൊന്പൻമാരെ തുരത്താൻ ഒരു കുംകിയാനയെ കൂടി സ്ഥലത്തെത്തിച്ച് ശ്രമങ്ങൾ ആരംഭിച്ചു. മുത്തങ്ങ ആനക്യാന്പിലെ ഭരത് എന്ന കുംകിയെയാണ് ഇന്നലെ സ്ഥലത്തെത്തിച്ചത്. ബുധനാഴ്ച പ്രമുഖയെന്ന കുംകിയാനയെ സ്ഥലത്തെത്തിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുകയായിരുന്ന മൂടക്കൊല്ലി മുക്തിമല അഭിലാഷ് എന്ന യുവാവിനെ കാട്ടാന ആക്രമിച്ചു.
തുടർന്നാണ് സ്ഥിരമായ ജനവാസ മേഖലയിൽ ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനകളെ ഉൾവനത്തിലേയ്ക്ക് തുരത്തുന്നതിനായി കുംകിയാനകളുടെ സേവനം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്.
കൊന്പൻചേരി ഭാഗത്ത് ഇന്നലെ കാട്ടുകൊന്പനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്ന് വനം വകുപ്പ് പൂർണ രീതിയിൽ അതിർത്തി മേഖലകളിൽ കാട്ടാനയെ തുരത്താനുള്ള നടപടികൾ ശക്തമാക്കും. മൂടക്കൊല്ലി മുതൽ വാകേരി വരെയുള്ള 2.8 കിലോമീറ്റർ ദൈർഘ്യം വരുന്ന ഭാഗത്ത് രണ്ട് ഭാഗങ്ങളിലായി കുംകികൾ നിലയുറപ്പിക്കുകയും വനാതിർത്തി മേഖലകളിലൂടെ തെരച്ചിൽ നടത്തുകയും ചെയ്തു.
ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിൽ ആനയുടെ സാന്നിധ്യം കണ്ടാൽ ഉൾകാട്ടിലേയ്ക്ക് കയറ്റാനുള്ള സർവ്വസന്നാഹവുമായാണ് വനാതിർത്തികളിൽ ആർആർടി ഉൾപ്പെടെയുള്ള വനപാലക സേന നിലയുറപ്പിച്ചിരിക്കുന്നത്.