കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോണ്‍ഗ്രസ് സമരസംഗമം 15ന്
1575098
Saturday, July 12, 2025 5:41 AM IST
കൽപ്പറ്റ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 15ന് രാവിലെ 10ന് കൽപ്പറ്റയിൽ സമരസംഗമം സംഘടിപ്പിക്കാൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറന്പിൽ എംപി, പി.സി. വിഷ്ണുനാഥ് എംഎൽഎ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.
രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ പിൻവാതിൽ നിയമനം, കാർഷിക മേഖലയിലെ വിഷയങ്ങൾ, വന്യമൃഗശല്യം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ നേരിടുന്ന വിഷയങ്ങൾ, ആശാവർക്കർമാരുടെ സമരം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം, ക്രമസമാധാന തകർച്ച, അഴിമതി, ധൂർത്ത് തുടങ്ങിയ വിഷയങ്ങൾ സമരസംഗമത്തിൽ ചർച്ച ചെയ്യും.
ജില്ലയിലെ വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർക്കുള്ള ഐഡന്റിറ്റി കാർഡിന്റെ വിതരണവും പരിപാടിയിൽ നടക്കും. യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.ടി. ഗോപാലക്കുറുപ്പ്, കെ.കെ. വിശ്വനാഥൻ, ടി.ജെ. ഐസക്, എൻ.കെ. വർഗീസ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എ. പ്രഭാകരൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, സംഷാദ് മരക്കാർ തുടങ്ങിയവർ പ്രസംഗിച്ചു.