വയനാട് മഡ്ഫെസ്റ്റ് സീസണ് മൂന്നിന് ഇന്ന് തുടക്കം
1575107
Saturday, July 12, 2025 5:46 AM IST
സുൽത്താൻ ബത്തേരി: മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വയനാട് മഡ്ഫെസ്റ്റ് സീസണ് മൂന്ന് ഇന്നു രാവിലെ 11ന് സപ്ത റിസോർട്ടിന് സമീപം വയലിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുക്കും. ടൂറിസം രംഗത്തെ സംഘടനകളുടെ സഹകരണത്തോടെയാണ് 17 വരെ നീളുന്ന മഡ്ഫെസ്റ്റ് സംഘടിപ്പിച്ചത്. മഡ് ഫുട്ബോൾ, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ് മത്സരങ്ങളും മണ്‍സൂണ്‍ ട്രക്കിംഗും പരിപാടിയുടെ ഭാഗമാണ്. ഇന്ന് നടത്തുന്ന മഡ് ഫുട്ബോൾ മത്സരത്തിൽ 16 ടീം പങ്കെടുക്കും.
ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർക്ക് കാഷ് പ്രൈസ് നൽകും. നാളെ ടൂറിസം സംഘടനകൾ, മാധ്യമപ്രവർത്തകർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ എന്നിവർക്കായി മഡ് ഫുട്ബോൾ, മഡ് വടംവലി മത്സരം നടത്തും. 14ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിംഗ് മത്സരം ഉണ്ടാകും. 15ന് മാനന്തവാടി വള്ളിയൂർകാവിൽ മഡ് കബഡി മത്സരവും 17ന് ചീങ്ങേരിയിലേക്ക് മണ്‍സൂണ്‍ ട്രക്കിംഗും നടത്തും.