കുരുക്കഴിക്കാൻ കാഞ്ഞങ്ങാടിന് വേണം നീലേശ്വരം മാതൃകയിൽ ഒരു ടൗൺ സ്റ്റാൻഡ്
1574181
Tuesday, July 8, 2025 10:21 PM IST
കാഞ്ഞങ്ങാട്: നഗരമധ്യത്തിലുള്ള പഴയ ബസ്സ്റ്റാൻഡ് കെട്ടിടം കാലപ്പഴക്കം മൂലം ഇനി അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത നിലയിലായതോടെ പകരം സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു.
പഴയ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി ആ സ്ഥാനത്ത് ആധുനിക സംവിധാനങ്ങളോടെയുള്ള പാർക്കിംഗ് പ്ലാസ നിർമിക്കണമെന്ന ആവശ്യം കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്ത് ഉയർന്നുകേട്ടിരുന്നു. ബസുകളെ പൂർണമായും ആലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡിലേക്ക് മാറ്റാമെന്നും പഴയ ബസ്സ്റ്റാൻഡ് നിൽക്കുന്ന സ്ഥലം നഗരത്തിലെ പാർക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിനായി ഉപയോഗപ്പെടുത്താമെന്നുമായിരുന്നു ആശയം. എന്നാൽ, ഈ ആശയം ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയപ്പോൾ തന്നെ പരാജയമെന്നു തെളിഞ്ഞിരിക്കുകയാണ്.
യാർഡിന്റെ അറ്റകുറ്റപ്പണികളുടെ പേരിൽ പഴയ ബസ് സ്റ്റാൻഡ് അടച്ചിട്ടും ബസുകളെ പൂർണമായും ആലാമിപ്പള്ളിയിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. നഗരകേന്ദ്രത്തിൽ നിന്ന് മൂന്നുകിലോമീറ്ററോളം അകലെയുള്ള ആലാമിപ്പള്ളിയിൽ ബസിറങ്ങാനോ കയറാനോ യാത്രക്കാരെ കിട്ടാത്ത നിലയാണ്. പഴയ ബസ്സ്റ്റാൻഡിനു മുന്നിൽ നിരനിരയായി നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം ബസുകൾ നാമമാത്രമായി മാത്രം ആലാമിപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് പോകുകയാണ് ചെയ്യുന്നത്. ഇതോടെ നഗരമധ്യത്തിൽ ഗതാഗതക്കുരുക്കൊഴിയാത്ത നേരമില്ലാതായി.
പഴയ ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റുകയാണെങ്കിൽ പകരം അതേ സ്ഥാനത്ത് പുതിയ കെട്ടിടം നിർമിക്കാതെ നീലേശ്വരത്ത് ചെയ്ത മാതൃകയിൽ യാർഡിന്റെ മറുവശത്ത് നിർമിക്കുകയാണെങ്കിൽ നഗരമധ്യത്തിലെ സ്ഥലദൗർലഭ്യത്തിനും ഗതാഗതക്കുരുക്കിനും അത് വലിയൊരളവിൽ പരിഹാരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ നീളത്തിലും വലിപ്പത്തിലുമുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചുകൊണ്ട് നഗരസഭയ്ക്ക് ഭാവിയിൽ മികച്ച വരുമാനം ഉറപ്പുവരുത്താൻ കഴിയും.
നിലവിൽ ബസ്സ്റ്റാൻഡ് കെട്ടിടം നിൽക്കുന്ന സ്ഥലവും അതിന്റെ മുൻവശവുമെല്ലാം യാർഡിന്റെ ഭാഗമകുമ്പോൾ ഇപ്പോൾ റോഡിൽ നിരനിരയായി നിർത്തിയിടുന്ന ബസുകൾക്കും യാത്രക്കാർക്കം മികച്ച സ്ഥലസൗകര്യം ഉറപ്പുവരുത്താനും കഴിയും. ആലാമിപ്പള്ളിയിൽ പ്രധാന ബസ്സ്റ്റാൻഡ് ഉള്ളതുകൊണ്ട് ഇതിനെ താരതമ്യേന ചെറിയ ഒരു ടൗൺ സ്റ്റാൻഡായി ഉപയോഗപ്പെടുത്തിക്കൊണ്ട് നഗരമധ്യത്തിലെ കുരുക്കഴിക്കാനാകുമെന്നാണ് പ്രതീക്ഷ.