സ്വകാര്യബസ് പണിമുടക്കില്‍ വലഞ്ഞ് ജനം
1574182
Tuesday, July 8, 2025 10:21 PM IST
കാഞ്ഞങ്ങാട്: സ്വകാര്യബസുടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പൂര്‍ണമായതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ദേശീയപാതയിലും മലയോരമേഖലയിലുമാണ് യാത്രാക്ലേശം ഏറ്റവും രൂക്ഷമായത്.
കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് പറഞ്ഞെങ്കിലും ദേശീയപാതയില്‍ ബസിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട സ്ഥിതിയായിരുന്നു.
പെരിയ, പൊയിനാച്ചി, ചട്ടഞ്ചാല്‍, ചെര്‍ക്കള ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരാണ് ഏറെ വലഞ്ഞത്. ഏറെ യാത്രക്കാരുള്ള ബന്തടുക്ക, പടുപ്പ്, കുറ്റിക്കോല്‍ ഭാഗത്തേയ്ക്ക് കാഞ്ഞങ്ങാട് നിന്നും ബസ് സര്‍വീസ് പൂര്‍ണമായും നിലച്ചു. വിദ്യാര്‍ഥികളും ജോലിക്കാരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഇതോടെ യാത്ര ചെയ്യാനായില്ല.
കെഎസ്ആര്‍ടിസി ബസുകള്‍ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഇന്നലെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ് ഭാഗത്തേയ്ക്ക് എത്തിച്ചേരാന്‍ യാതൊരു നിര്‍വാഹവുമില്ലായിരുന്നു.
മലയോരമേഖലയില്‍ പാണത്തൂര്‍ റൂട്ടില്‍ മാത്രമാണ് വലിയൊരു യാത്രാദുരിതം അനുഭവപ്പെടാതിരുന്നത്.