സിപിഐ ജില്ലാ സമ്മേളനം: ഒരുക്കങ്ങൾ പൂർത്തിയായി
1574183
Tuesday, July 8, 2025 10:21 PM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ 11, 12, 13 തീയതികളില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രമ്മേളനത്തില്‍ അറിയിച്ചു. 11നു പതാക, കൊടിമര ജാഥകളും 12, 13 തീയതികളില്‍ പ്രതിനിധി സമ്മേളനവുമാണ് നടക്കുക. 11നു വൈകുന്നേരം നാലിന് സംഘാടകസമിതി ചെയര്മാന് കെ.എസ്. കുര്യാക്കോസ് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. പൊതുസമ്മേളനം ദേശീയ എക്സിക്യൂട്ടീവംഗം പി. സന്തോഷ് കുമാര്‍ എംപി ഉദ്ഘാടനം ചെയ്യും.
12, 13 തീയതികളില്‍ വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ 10നു ദേശീയ എക്സിക്യൂട്ടീവംഗം കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ, മന്ത്രിമാരായ ജി.ആര്. അനില്‍, പി. പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.പി. മുരളി, കെ.കെ. അഷ്റഫ്, പി. വസന്തം, ടി.വി. ബാലന് എന്നിവര്‍ സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.പി. ബാബു, കെ.എസ്. കുര്യാക്കോസ്, കണ്‍വീനര്‍ എം. കുമാരന്, ജില്ലാ എക്സിക്യൂട്ടീവംഗം ബങ്കളം കുഞ്ഞികൃഷ്ണന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സി.പി. സുരേശന് എന്നിവര്‍ സംബന്ധിച്ചു.